1,600% ലാഭം! ഇതാണ് 2022-ല്‍ ലോകത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ ഓഹരി; പട്ടികയില്‍ അദാനി ഗ്രൂപ്പും

By Web TeamFirst Published Dec 15, 2022, 3:54 PM IST
Highlights

2022-ല്‍ ആഗോള വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരിയെ അറിയാം. ഈ പട്ടികയിൽ ഇടം പിടിച്ച് അദാനി ഗ്രൂപ്പും
 

സംഭവ ബഹുലമായൊരു വ്യാപാര വര്‍ഷത്തിനു കൂടി തിരശീല വീഴുകയാണ്. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് വിവിധ കേന്ദ്രബാങ്കുകള്‍ ധനനയം കടുപ്പിച്ചതോടെ ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ ഉയരുന്നതും സാമ്പത്തിക മാന്ദ്യ ആശങ്കകളും ഉക്രൈന്‍ യുദ്ധവുമൊക്കെയായി ഓഹരി വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് 2022-ന്റെ ഏറിയ പങ്കും സഞ്ചരിച്ചത്.

എന്നാല്‍ വിപണിയിലെ അനിശ്ചിതത്തങ്ങള്‍ക്കിടയിലും ഇന്തൊനേഷ്യയിലെ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഓഹരി സ്വപ്‌നതുല്യമായ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചരിക്കുന്നത്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവിനിടെ 1,595 ശതമാനമാണ് 'പി.ടി അഡാറോ മിനറല്‍സ് ഇന്തൊനേഷ്യ'യുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉയര്‍ന്ന നിലവാരം കുറിച്ചതിനു പിന്നാലെ ഈ ഓഹരിയില്‍ തിരുത്തല്‍ നേരിട്ടിരുന്നു. എങ്കില്‍ പോലും 2,803 ഓഹരികള്‍ അടങ്ങിയ 'ബ്ലൂംബെര്‍ഗ് വേള്‍ഡ് ഇന്‍ഡക്‌സ്' എന്ന സൂചകയിലെ 2022-ലെ നേട്ടക്കാരില്‍ മുന്നിലെത്താന്‍ അഡാറോ മിനറല്‍സ് ഓഹരികള്‍ക്കു സാധിച്ചുവെന്നതും ശ്രദ്ധേയം.

ഈവര്‍ഷം വ്യാപാരത്തിന് തുടക്കം കുറിച്ച ജനുവരി 3-ന് അഡാറോ മിനറല്‍സിന്റെ ഓഹരിയുടെ വില 100 റുപ്യ നിലവാരത്തിലായിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് മാസത്തില്‍ ഓഹരിയുടെ വില 2,990 റുപ്യയിലേക്ക് കുതിച്ചുകയറി. തുടര്‍ന്ന് തിരുത്തലിന്റെ പാതയിലൂടെ നീങ്ങുന്ന അഡാറോ മിനറല്‍സ് ഓഹരികള്‍ കഴിഞ്ഞ ദിവസം 1,695 റുപ്യയിലാണ് ജക്കാര്‍ത്ത സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നലെത്ത ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ അഡാറോ മിനറല്‍സിന്റെ വിപണിമൂല്യം 450 കോടി യുഎസ് ഡോളറാണ്.

ആഗോള തലത്തില്‍ കല്‍ക്കരിയുടെ വില ഉയര്‍ന്നതാണ് അഡാറോ മിനറല്‍സ് കമ്പനിയുടെയും തലവര മിനുക്കിയത്. ഇത്തരത്തില്‍ കരസ്ഥമാക്കിയ അപ്രതീക്ഷിത ലാഭം ഉപയോഗപ്പെടുത്തി അലുമിനീയം, ബാറ്ററി മേഖലയിലേക്ക് വൈവിധ്യവത്കരണം നടത്തിയതും കമ്പനിയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിച്ചു. സെപ്റ്റംബര്‍ പാദം വരെയുള്ള ആദ്യ 9 മാസക്കാലയളവില്‍ അഡാറോ മിനറല്‍സിന്റെ അറ്റാദായത്തില്‍ 482 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കല്‍ക്കരിയുടെ ശരാശരി വില്‍പന വില ഇരട്ടിയായി ഉയര്‍ന്നതും 40 ശതമാനത്തോളം വ്യാപാരം വര്‍ധിച്ചതും കമ്പനിയെ മിന്നുന്ന നേട്ടം കൈവരിക്കാന്‍ സഹായിച്ചു.

അതേസമയം ബ്ലൂംബെര്‍ഗ് വേള്‍ഡ് ഇന്‍ഡക്‌സ് സൂചികയിലെ ഓഹരികളിലെ നേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് തുര്‍ക്കിയിലെ വിമാന കമ്പനിയായ 'തുര്‍ക് ഹവ യോലരി'യാണ്. 2022-ല്‍ ഇതുവരെയായി 618 ശതമാനം നേട്ടമാണ് ഈ ഓഹരി കരസ്ഥമാക്കിയത്. ബ്ലൂംബെര്‍ഗിന്റെ പട്ടികയിലെ അഞ്ചാം സ്ഥാനത്ത്, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അദാനി പവറിന്റെ ഓഹരികളാണുള്ളത്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 224 ശതമാനം നേട്ടം കരസ്ഥമാക്കിയാണ് ആഗോള തലത്തിലും അദാനി ഗ്രൂപ്പ് ഓഹരി മുന്നിട്ടു നില്‍ക്കുന്നത്. 

click me!