അമേരിക്കയിലെ വീഞ്ഞ് കോപ്പകള്‍ കാലിയാകുമോ? ട്രംപിന്‍റെ ഭീഷണിയില്‍ ആശങ്കയോടെ അമേരിക്കന്‍ വൈന്‍ പാര്‍ലറുകള്‍

Published : Mar 14, 2025, 09:56 PM IST
അമേരിക്കയിലെ വീഞ്ഞ് കോപ്പകള്‍ കാലിയാകുമോ? ട്രംപിന്‍റെ ഭീഷണിയില്‍ ആശങ്കയോടെ അമേരിക്കന്‍ വൈന്‍ പാര്‍ലറുകള്‍

Synopsis

അമേരിക്കയിലെ വൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍  യൂറോപ്യന്‍ വൈനിന് ഏറെ പ്രിയമുണ്ട്. 200 ശതമാനം തീരുവ ചുമത്തിയാല്‍ അത്രയധികം വില നല്‍കി ആളുകള്‍ വൈന്‍ വാങ്ങില്ലെന്ന് യുഎസിലെ വൈന്‍ വ്യാപാരികള്‍

യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ വിസ്കിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ യൂറോപ്യന്‍ വൈന്‍ , ഷാംപെയിന്‍, സ്പിരിറ്റുകള്‍ എന്നിവയ്ക്ക് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്‍റിന്‍റെ ഭീഷണി നടപ്പിലായാല്‍ അമേരിക്കയിലെ വൈന്‍ പാര്‍ലറുകള്‍ എല്ലാം അടച്ചു പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് അമേരിക്കയിലെ വൈന്‍ വ്യാപാര മേഖല. അമേരിക്കയിലെ വൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍  യൂറോപ്യന്‍ വൈനിന് ഏറെ പ്രിയമുണ്ട്. 200 ശതമാനം തീരുവ ചുമത്തിയാല്‍ അത്രയധികം വില നല്‍കി ആളുകള്‍ വൈന്‍ വാങ്ങില്ലെന്ന് യുഎസിലെ വൈന്‍ വ്യാപാരികള്‍ പറയുന്നു. 

2023ല്‍ യുഎസിലെ ആകെ ലഹരി പാനീയ ഉപഭോഗത്തിന്‍റെ 17 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വൈനും സ്പിരിറ്റും ആയിരുന്നു. 17 ശതമാനത്തില്‍ ഏഴ് ശതമാനവും ഇറ്റലിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. വൈന്‍, ഫ്രഞ്ച് വൈന്‍, കോഗ്നാക്ക്,് വോഡ്ക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൊത്തത്തില്‍ യുഎസ് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ വളരെ കൂടുതല്‍ മദ്യം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. 2022ല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് 26.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലഹരി പാനീയങ്ങളാണ്. ആ വര്‍ഷം കയറ്റുമതി ചെയ്തത് 3.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബിയര്‍, വൈന്‍. സ്പിരിറ്റ് എന്നിവയാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയാല്‍ അത് അമേരിക്കയിലെ മദ്യ, ലഹരി പാനീയ വ്യവസായത്തിന് വന്‍ തിരിച്ചടിയാകും.

ട്രംപ് ഭരണകൂടം സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് മറുപടിയെന്ന നിലയില്‍ അമേരിക്കന്‍ വിസ്കിക്ക് ഏപ്രില്‍ ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അധിക തീരുവ എര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന് മറുപടിയായാണ് യൂറോപ്പിലെ ലഹരി പാനീയങ്ങള്‍ക്ക് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഭീഷണി മുഴക്കിയത്.

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി