
തീരുവ യുദ്ധത്തില്‍ പിന്നോട്ടില്ലെന്നുറപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍, സെമി കണ്ടക്ടര്‍ ചിപ്പുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കൂടി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എത്ര ശതമാനം തീരുവയായിരിക്കും ഏര്‍പ്പെടുത്തുക എന്നത് ഏപ്രില്‍ 2ന് പ്രഖ്യാപിക്കും. തീരുവ 25 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് വ്യക്തമാക്കി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അമേരിക്കയില്‍ ഫാക്ടറി ഉണ്ടെങ്കില്‍ താരിഫ് എടുത്തില്ല. അതിനാല്‍ അവര്‍ക്ക് യുഎസില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള സമയമാണ് ഇപ്പോള്‍ നല്‍കുന്നത് എന്നും ട്രംപ് പറഞ്ഞു. അടുത്തമാസം മുതല്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തും എന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്കും തിരിച്ചടി
ട്രംപിന്‍റെ പ്രഖ്യാപനം വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഫാര്‍മ സൂചികയില്‍ രണ്ട് ശതമാനത്തിന്‍റെ ഇടിവുണ്ടായി. പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ റെഡ്ഡിസ് ലാബിന്‍റെ ഓഹരികള്‍ ആറ് ശതമാനവും ഓറോബിന്ദോ ഫാര്‍മയുടെ ഓഹരികളില്‍ 10% വും ഇടിയുണ്ടായി. സണ്‍ ഫാര്‍മയുടെ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന കമ്പനികള്‍ ആണ് ഇവ.
പുതിയതായി ഏര്‍പ്പെടുത്താന്‍ പോകുന്ന തീരുവ ഏതെങ്കിലും പ്രത്യേക രാജ്യങ്ങള്‍ക്ക് നേരെയാണോ അതോ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാകുമോ എന്നുള്ള കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല.വാഹനങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ജപ്പാനടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. അമേരിക്കയില്‍ വില്‍ക്കുന്ന ആകെ കാറുകളുടെ 50 ശതമാനവും ആഭ്യന്തരമായി നിര്‍മ്മിച്ചവയാണ്. ബാക്കി 25% ശതമാനം മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. വമ്പന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നിന്നുമാണ് ബാക്കി 25 ശതമാനം വാഹനങ്ങള്‍ എത്തുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍ ,ഇറ്റലി ,സ്വീഡന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.