
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ 'ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ്' വന്‍ സാമ്പത്തിക നഷ്ടത്തില്‍. രണ്ടാം പാദ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ നഷ്ടം 238 ദശലക്ഷം ഡോളറായി (ഏകദേശം 2,284.8 കോടി രൂപ) ഉയര്‍ന്നു. കമ്പനിയുടെ കൈവശമുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വിലയിലുണ്ടായ കനത്ത ഇടിവാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം. ട്രൂത്ത് സോഷ്യലിന്റെ മാതൃ കമ്പനിയായ ട്രംപ് മീഡിയയ്ക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 20 ദശലക്ഷം ഡോളറിന്റെ (ഏകദേശം 192 കോടി രൂപ) നഷ്ടം മാത്രമാണുണ്ടായിരുന്നത്.
ഡിജിറ്റല്‍ ആസ്തികള്‍ ശേഖരിക്കാനും റിന്യൂവബിൾ എനർജി കമ്പനിയെ ഏറ്റെടുക്കാനും ഉള്‍പ്പെടെ നിരവധി പുതിയ പദ്ധതികള്‍ ആരംഭിച്ചെങ്കിലും കമ്പനിക്ക് ഇതുവരെ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെയാണ് സാമ്പത്തിക വിപണിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന വിഐപി സേവനവുമായി കമ്പനി രംഗത്തെത്തിയത്.
'ട്രൂത്ത് എപിഐ' എന്ന് പേരിട്ടിരിക്കുന്ന ഈ സേവനത്തിന് പ്രതിമാസം 60,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെയാണ് (ഏകദേശം 57.6 ലക്ഷം രൂപ മുതല്‍ 96 ലക്ഷം രൂപ വരെ) നിരക്ക്. എന്നാല്‍, ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകളില്‍ നിന്നും വാള്‍സ്ട്രീറ്റിലെ ബിസിനസ് പ്രമുഖരില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് വ്യാപാരം നടത്തുന്ന പത്തിലേറെ 'ഹൈ- ഫ്രീക്വന്‍സി ട്രേഡിംഗ്' കമ്പനികള്‍ നിലവില്‍ ഈ സേവനം വാങ്ങിക്കഴിഞ്ഞതായി ഇടക്കാല സിഇഒ കെവിന്‍ മക്‌ഗേണ്‍ വ്യക്തമാക്കി. വ്യക്തിഗത ഓഹരി നിക്ഷേപകര്‍, വാര്‍ത്താ ഏജന്‍സികള്‍, എഐ വികസിപ്പിക്കുന്ന കമ്പനികള്‍ എന്നിവരിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ ഫ്‌ലോറിഡയിലെ സരസോട്ട ആസ്ഥാനമായുള്ള കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതൊരു വലിയ വരുമാന സ്രോതസായി വളരുമെന്നാണ് പ്രതീക്ഷ.