
പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനും ഓൺലൈനായി പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനും ആർബിഐ നിയന്ത്രമേർപ്പെടുത്തിയതിനെ തുടന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന് ഇപ്പോൾ ഇന്ത്യയിലെ നാലാമത്തെ വലിയ ബാങ്ക് എന്ന പദവി നഷ്ടപ്പെട്ടു. കൂടാതെ സ്ഥാപകനായ ഉദയ് കൊട്ടക്കിൻ്റെ ആസ്തിയിൽ നിന്നും 10,000 കോടിയിലധികം രൂപ നഷ്ടപ്പെട്ടു.
ഡിജിറ്റൽ ചാനലുകളിലൂടെ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്നും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്നും ബാങ്കിന് നിരോധനം ഏർപ്പെടുത്തിയപ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ ഇടിഞ്ഞിരുന്നു. ഇന്നലെ ഓഹരി 11 ശതമാനത്തിലധികം ഇടിഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിൻ്റെ ഐടി സംവിധാനങ്ങൾ പരിശോധിച്ചതിന് ശേഷം ആണ് ആർബിഐയുടെ നടപടി. തെറ്റുകൾ ചൂണ്ടിക്കാട്ടിയിട്ടും ഈ പ്രശ്‌നങ്ങൾ വേണ്ടത്ര വേഗത്തിൽ പരിഹരിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തി. 1842 രൂപയിൽ ആരംഭിച്ച ഓഹരികൾ 1,643 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്കിൽ 25.71 ശതമാനം ഓഹരിയുള്ള ഉദയ് കൊട്ടക്കിൻ്റെ ആസ്തിയിൽ നിന്നും 10,225 കോടി ഒറ്റ ദിവസം കൊണ്ട് നഷ്ടമായി.
ബുധനാഴ്ച 3,66,383.76 കോടി രൂപയായിരുന്ന കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ വിപണി മൂലധനം വ്യാഴാഴ്ചയോടെ 3,26,615.40 കോടി രൂപയായി കുറഞ്ഞു. കൊട്ടക് മഹീന്ദ്ര ബാങ്കിൽ 6.46 ശതമാനം ഓഹരിയുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഇടിവ് മൂലം ഏകദേശം 2,569 കോടി രൂപ നഷ്ടമായി.