വിലക്കയറ്റം അളക്കാന്‍ ഇനി ബിയറും, വളര്‍ത്തുമൃഗങ്ങളുടെ ബ്യൂട്ടി പാര്‍ലറും! ജീവിതച്ചെലവ് കണക്കാക്കാൻ പുത്തൻ മാറ്റങ്ങളുമായി ബ്രിട്ടൻ

Published : Mar 18, 2026, 11:21 AM IST
beer

Synopsis

ജീവിതച്ചെലവ് കണക്കാക്കാനുള്ള സാധനങ്ങളുടെ പട്ടിക പുതുക്കി ബ്രിട്ടനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. ആള്‍ക്കഹോളില്ലാത്ത ബിയര്‍, മോട്ടോര്‍ ഹോമുകള്‍, ഹമ്മൂസ് തുടങ്ങിയവ പുതിയതായി ഉള്‍പ്പെടുത്തിയത് മാറുന്ന ഉപഭോക്തൃ ശീലങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. 

ആളുകളുടെ ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങള്‍ വിലക്കയറ്റം കണക്കാക്കുന്ന രീതിയിലും പ്രകടമാകുന്നു. ബ്രിട്ടനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജീവിതച്ചെലവ് അളക്കുന്നതിനായി തയ്യാറാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പട്ടികയില്‍ ഇനി മുതല്‍ ആള്‍ക്കഹോളില്ലാത്ത ബിയറും ഉള്‍പ്പെടുത്തും. പുതിയ കാലത്തെ ഉപഭോക്താക്കളുടെ ശീലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ മാറ്റങ്ങള്‍.

വിവിധ കടകളില്‍ നിന്നായി 760 ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകള്‍ ശേഖരിച്ചാണ് ഒഎന്‍എസ് പ്രതിമാസ പണപ്പെരുപ്പ നിരക്ക് കണ്ടെത്തുന്നത്. ഉപഭോക്താക്കള്‍ പണം ചെലവാക്കുന്ന പ്രധാന സാധനങ്ങള്‍ ഏതൊക്കെയെന്ന് വിലയിരുത്തി എല്ലാ വര്‍ഷവും ഈ പട്ടിക പുതുക്കാറുണ്ട്. ഇത്തവണ മോട്ടോര്‍ ഹോമുകള്‍, ഡാഷ്ബോര്‍ഡ് ക്യാമറകള്‍ , വളര്‍ത്തുമൃഗങ്ങളുടെ ഗ്രൂമിങ് എന്നിവയും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മാറുന്ന കാലം, മാറുന്ന രുചികള്‍

കാലക്രമേണ ജനങ്ങളുടെ അഭിരുചികളിലും ജീവിതശൈലിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ പട്ടികയില്‍ നിന്ന് വ്യക്തമാണ്. 1947-ലെ ആദ്യ പട്ടികയില്‍ 'കാട്ടുമുയല്‍' ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 'ടീ ബാഗുകള്‍' പട്ടികയില്‍ എത്തിയത് 1980-ല്‍ മാത്രമാണ്. ഇത്തവണ 27 പുതിയ ഇനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പഴയ 19 എണ്ണം ഒഴിവാക്കി. അങ്ങനെ ആകെ ഇനങ്ങളുടെ എണ്ണം 760 ആയി നിലനിര്‍ത്തിയിട്ടുണ്ട്. ഒഎന്‍എസ് പുറത്തുവിട്ട പുതിയ പട്ടികയില്‍ ഹമ്മൂസ്, ഡാഷ് ക്യാമറ, മോട്ടോര്‍ ഹോം, ആല്‍ക്കഹോളില്ലാത്ത ബിയര്‍, വളര്‍ത്തുമൃഗങ്ങളുടെ ഗ്രൂമിങ് എന്നിവയാണ് നല്‍കിയിരിക്കുന്നത്.

മാംസ്യമില്ലാത്ത പ്രോട്ടീനും ഫൈബറും അടങ്ങിയ ഹമ്മൂസിന് ജനങ്ങള്‍ക്കിടയില്‍ പ്രിയമേറിവരികയാണ്. ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചതും ആരോഗ്യകരമായ ഭക്ഷണശീലങ്ങളോടുള്ള താല്‍പര്യവുമാണ് ഹമ്മൂസിനും ആല്‍ക്കഹോളില്ലാത്ത ബീറിനും ഡിമാന്‍ഡ് കൂട്ടിയത്. കോവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. പ്രത്യേകിച്ച് ചുരുണ്ട രോമങ്ങളുള്ള 'ഡൂഡില്‍സ്' ഇനം നായ്ക്കളെ. ഇതാണ് പെറ്റ് ഗ്രൂമിങ് സേവനങ്ങള്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണം. മൃഗാശുപത്രികള്‍ക്ക് അപ്പുറത്തേക്ക് ഇവരുടെ സേവനങ്ങള്‍ ഇപ്പോള്‍ വ്യാപിച്ചിട്ടുണ്ട്. കാരവന്‍ വാഹനങ്ങള്‍ നേരത്തെ തന്നെ പട്ടികയിലുണ്ടായിരുന്നെങ്കിലും, വിലയേറിയ മോട്ടോര്‍ ഹോമുകളും ഇപ്പോള്‍ ഇതിന്റെ ഭാഗമായി. പുതിയ സാങ്കേതികവിദ്യയുടെയും വാഹന സുരക്ഷാ സംവിധാനങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗമാണ് ഡാഷ്‌ക്യാമുകളെ പട്ടികയില്‍ എത്തിച്ചത്.

ബ്രിട്ടന്റെ വിലക്കയറ്റ നിരക്ക് തീരുമാനിക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് തീരുമാനങ്ങള്‍ എന്നിവയെല്ലാം പണപ്പെരുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2% ആയി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനുവരിയില്‍ ഇത് 3% ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചന, പരിശീലനവും നൽകും
ബംഗാളിലെ 'കാവിത്തിളക്കം', കത്തിക്കയറി ഓഹരി വിപണിയും; കുതിച്ചുയര്‍ന്ന് ബംഗാള്‍ കമ്പനികള്‍