
റഷ്യയിലെ ദൈനംദിന ജീവിതത്തെ ബാധിച്ച് യുക്രെയ്‌ന്റെ തിരിച്ചടി. റഷ്യന്‍ സാങ്കേതിക കമ്പനിയായ യാന്‍ഡെക്‌സിന്റെ ഡേറ്റ സെന്ററുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ടു. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനും ടാക്‌സി ബുക്ക് ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും വീടുകളുടെ ഡിജിറ്റല്‍ ലോക്കുകള്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി പലരും.
ഈ മാസം തുടര്‍ച്ചയായ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ യാന്‍ഡെക്‌സിന്റെ അഞ്ച് പ്രധാന ഡേറ്റ സെന്ററുകളില്‍ മൂന്നെണ്ണത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയ്‌നിലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ റഷ്യ സമാനമായ ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് റഷ്യയുടെ ഡിജിറ്റല്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള യുക്രെയ്‌ന്റെ തിരിച്ചടി
ഗൂഗിളിനോട് ഉപമിക്കാവുന്ന റഷ്യന്‍ സാങ്കേതിക കമ്പനിയാണ് യാന്‍ഡെക്‌സ്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, യാത്രാ സേവനങ്ങള്‍, ക്ലൗഡ് സ്റ്റോറേജ്, സ്മാര്‍ട്ട് ഹോം സംവിധാനങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. ഈ സേവനങ്ങളെ ആശ്രയിച്ചാണ് റഷ്യയിലെ നിരവധി പേരുടെ ദൈനംദിന ജീവിതം മുന്നോട്ടുപോകുന്നത്. യാന്‍ഡെക്‌സ് പേ വഴി പണം പിന്‍വലിക്കാനോ സമ്പാദ്യം ഉപയോഗിക്കാനോ കഴിയാതെ ദിവസങ്ങളോളം ബുദ്ധിമുട്ടിയതായി ചില ഉപയോക്താക്കള്‍ പറഞ്ഞു.ഡിജിറ്റല്‍ പ്രവേശന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതായതോടെ ചിലര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. സ്മാര്‍ട്ട് ഹോം അസിസ്റ്റന്റുകളും പ്രതികരിക്കാതെയായി.
യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി, യുക്രെയ്‌നിലെ ജനങ്ങളെ ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്തവരാക്കാനാണ് മോസ്‌കോ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. റഷ്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് യുക്രെയ്ന്‍ തിരിച്ചടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.റഷ്യയുടെ ഊര്‍ജമേഖലയിലെ സംവിധാനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് അമേരിക്ക യുക്രെയ്‌നില്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ യുദ്ധത്തില്‍ ഡേറ്റ സെന്ററുകള്‍ കൂടുതല്‍ പ്രധാനപ്പെട്ട ലക്ഷ്യങ്ങളായി മാറുകയാണ്.