കേന്ദ്രം നികുതി വിഹിതം കുറച്ചത് തിരിച്ചടി, വരുമാനം ഉയർത്താൻ കേരളം കടുത്ത നടപടിയിലേക്ക്

By Web TeamFirst Published Feb 2, 2020, 6:54 AM IST
Highlights

കേരളം പ്രതീക്ഷിച്ചത് ബജറ്റ് വിഹിതത്തിൽ 20000 കോടി കേരളത്തിനുണ്ടാകും എന്നായിരുന്നു. എന്നാൽ ലഭിച്ചതാകട്ടെ 15236 കോടിയും. 5000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് സംസ്ഥാനസർക്കാരിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് 2020 ൽ സംസ്ഥാന സർക്കാറിന്റെ നികുതി വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക നടപടികളിലേക്കെന്ന് സൂചന. കേന്ദ്രം വിഹിതം കുറച്ചതോടെ വരുമാനം കൂട്ടാൻ കടുത്ത നടപടികൾ ആവശ്യമായി വരുമെന്ന് മന്ത്രി തോമസ് ഐസക് സൂചന നൽകി.

കേരളം പ്രതീക്ഷിച്ചത് ബജറ്റ് വിഹിതത്തിൽ 20000 കോടി കേരളത്തിനുണ്ടാകും എന്നായിരുന്നു. എന്നാൽ ലഭിച്ചതാകട്ടെ 15236 കോടിയും. 5000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് സംസ്ഥാനസർക്കാരിന്റെ വിലയിരുത്തൽ. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നികുതി വിഹിതം കഴിഞ്ഞ വർഷം 17,872 കോടി രൂപയായിരുന്നു അതാണ് ഇത്തവണ 15236 കോടി രൂപയായി കുറഞ്ഞത്. 

വായ്പ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ബജറ്റിൽ അംഗീകരിച്ചില്ല. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള നഷ്ടപരിഹാരത്തിന്റെ കുടിശികയും കിട്ടാനുണ്ട്. അതിനാൽ കേരളം കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോകുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ വേണ്ടിവരുമെന്ന് തോമസ്ഐസക്ക് വിശദീകരിച്ചത്. 

കേന്ദ്ര ബജറ്റ് 2020 ൽ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 71000 കോടിയിൽ നിന്ന് 61000 കോടിയായി കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയായി. സംസ്ഥാനത്തിന്റെ തനത് വരുമാനം കൂട്ടുന്നതിനുള്ള നടപടിയാണുണ്ടാകുക.

click me!