
ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയായ ‘ലക്ഷാധിപതി ദീദി’ പദ്ധതി നിലവിലെ രണ്ട് കോടി സ്ത്രീകളിൽ നിന്ന് മൂന്ന് കോടി പേരിലേക്ക് എത്തിക്കുന്ന രീതിയിൽ വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2023 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആണ് ‘ലക്ഷാധിപതി ദീദി’ പദ്ധതിയുടെ ആദ്യ പ്രഖ്യാപനം നടത്തിയത്. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ വ്യത്യസ്ത സംരംഭങ്ങൾ ഏറ്റെടുക്കുന്നതിന് പരിശീലിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിലൂടെ അവർക്ക് കുടുംബത്തിന് വേണ്ടി പ്രതിവർഷം ഒരു ലക്ഷം രൂപയെങ്കിലും വരുമാനം നേടാനാകും. ഓരോ സ്വയം സഹായ സംഘവും ഒന്നിലധികം ഉപജീവന പ്രവർത്തനങ്ങൾ ഏറ്റെടുക്കും . സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന തരത്തിലേക്ക് ഈ സ്വയം സഹായ സംഘങ്ങളെ ഉയർത്തിക്കൊണ്ടു വരും.
ലക്ഷാധിപതി ദീദി പദ്ധതിയിൽ നിന്ന് സ്ത്രീകൾക്കുള്ള നേട്ടങ്ങൾ?
സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ബജറ്റിംഗ്, നിക്ഷേപം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയെ കുറിച്ച് സ്ത്രീകൾക്ക് പരിശീലനം നൽകും.
ലക്ഷാധിപതി ദീദി പദ്ധതിയ്ക്ക് കീഴിൽ, സംരംഭകത്വ വ്യവസായത്തിനും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും സ്ത്രീകൾക്ക് ചെറിയ വായ്പകൾ നൽകുന്നു.
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, മൊബൈൽ വാലറ്റുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാൻ സ്ത്രീകളെ പരിശീലിപ്പിക്കുന്നു. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് പുറമെ, വിവിധ ശാക്തീകരണ പരിപാടികളിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്നതിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.