റിസര്‍വ് ബാങ്കിനോട് വീണ്ടും ലാഭവിഹിതം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Jan 12, 2020, 4:04 PM IST
Highlights

നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജിയും കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി രംഗത്തെത്തി. ധനക്കമ്മി രൂക്ഷമായ സാഹചര്യത്തില്‍ ചെലവ് വെട്ടിച്ചുരുക്കരുതെന്ന് അഭിജിത് ബാനര്‍ജി വ്യക്തമാക്കി.

ദില്ലി: ധനക്കമ്മി കുറക്കുന്നതിനായി റിസര്‍വ് ബാങ്കിനോട് ലാഭവിഹിതം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പന പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ വില്‍ക്കാനാകാത്തതും നികുതി വരുമാനം വര്‍ധിക്കാത്തതുമാണ് സര്‍ക്കാറിനെ വെട്ടിലാക്കിയത്. 35000-45000 കോടി രൂപയായിരിക്കും കേന്ദ്രം ആവശ്യപ്പെടുക. ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ധനക്കമ്മി 115 ശതമാനമായി വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് റിസര്‍വ് ബാങ്കില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതം ആവശ്യപ്പെടുന്നത്. ഇതുവരെ 1.76 ലക്ഷം കോടി റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാറിന് നല്‍കി.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് റിസര്‍വ് ബാങ്കില്‍നിന്ന് തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതം ആവശ്യപ്പെട്ട് തുടങ്ങിയത്. കരുതല്‍ ധനശേഖരത്തില്‍ കുറവ് വരുമെന്ന കാരണത്താല്‍ മുന്‍ സര്‍ക്കാറുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ലാഭവിഹിതം ആവശ്യപ്പെട്ടിരുന്നില്ല. ഇത്തവണ റിസര്‍വ് ബാങ്ക് വിഹിതം നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.23 ലക്ഷം കോടിയായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ലാഭം. കറന്‍സി വ്യാപാരത്തിലൂടെയും സര്‍ക്കാര്‍ കടപ്പത്രത്തിലൂടെയുമാണ് റിസര്‍വ് ബാങ്കിന് ലാഭമുണ്ടാകുക. ഇതില്‍ നിശ്ചിത ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്.

പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് റിസര്‍വ് ബാങ്ക് ലാഭം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കാവൂ എന്ന് ഇത് സംബന്ധിച്ച പഠിക്കാന്‍ നിയോഗിച്ച ബിമല്‍ ജലാല്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.  നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജിയും കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി രംഗത്തെത്തി. ധനക്കമ്മി രൂക്ഷമായ സാഹചര്യത്തില്‍ ചെലവ് വെട്ടിച്ചുരുക്കരുതെന്ന് അഭിജിത് ബാനര്‍ജി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതം വെട്ടിക്കുറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

click me!