
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 1,11,447.70 ഡോളര്‍ എന്ന നിലയില്‍ എത്തി, ജനുവരിയിലെ പഴയ റെക്കോര്‍ഡ് മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ജനുവരിയിലെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് കൈവരിച്ച മുന്‍ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
ആഗോള വ്യാപാര തര്‍ക്കങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം നിക്ഷേപകര്‍ അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഏപ്രില്‍ ആദ്യം 76,000 ഡോളറിലേക്ക് ഇടിഞ്ഞതിന് ശേഷം ബിറ്റ്കോയിന് ഏകദേശം 45% നേട്ടമുണ്ടായി. ആഗോള വിപണികളിലെ അന്തരീക്ഷം അനുകൂലമായതും ഡോളറിന്‍റെ വില കുറയുന്നതുമൂലമുള്ള ആശങ്കയും കാരണം കൂടുതല്‍ നിക്ഷേപകര്‍ ക്രിപ്റ്റോ കറന്‍സിയിലേക്ക് തിരിയുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം കുറയുകയും, യുഎസിന്‍റെ വിശ്വാസ്യതയ്ക്ക് വീണ്ടും തിരിച്ചടി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വര്‍ധന. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് യുഎസിന്‍റെ റേറ്റിംഗ് കുറച്ചിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണം, ടെക് സ്റ്റോക്കുകള്‍, ക്രിപ്റ്റോ തുടങ്ങിയ ഡോളറിലല്ലാത്ത ആസ്തികളിലേക്ക് നിക്ഷേപം ഒഴുകിത്തുടങ്ങി.
സ്റ്റേബിള്‍ കോയിനുകള്‍ക്കായി ഒരു റെഗുലേറ്ററി ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് തിങ്കളാഴ്ച അംഗീകാരം നല്‍കിയതും, ദീര്‍ഘകാല ക്രിപ്റ്റോ വിമര്‍ശകനായിരുന്ന ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡിമോണ്‍ ബാങ്ക് ഉപയോക്താക്കളെ ബിറ്റ്കോയിന്‍ വാങ്ങാന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതും ബിറ്റ്കോയിന് വന്‍ കുതിപ്പ് നല്‍കി. കോര്‍പ്പറേറ്റ് ട്രഷറികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും ബിറ്റ്കോയിന് അടുത്തിടെ വലിയ ഉത്തേജനം നല്‍കിയിട്ടുണ്ട്.
ഫെഡ് നയങ്ങള്‍ ബിറ്റ്കോയിന് അനുകൂലം
അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പുതിയ വ്യാപാരനയങ്ങളുടെ സ്വാധീനമുണ്ടാകുന്നതുവരെ നടപടികള്‍ എടുക്കില്ലെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിരുന്നു. പലിശനിരക്ക് ഉയര്‍ത്തില്ലെന്ന് ഉറപ്പുണ്ടായതും ബിറ്റ്കോയിന് അനുകൂലമായി.