
എളുപ്പത്തില്‍ കിട്ടുന്നതു കാരണം ഇക്കാലത്ത് പലരും വ്യക്തിഗത വായ്പകള്‍ എടുക്കാറുണ്ട്. എന്നാല്‍ ഇത് തിരിച്ചടയ്ക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാം. വായ്പ എടുത്തവര്‍ പെട്ടെന്ന് ലോണ്‍ അടച്ചു തീര്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചില നല്ല കാര്യങ്ങളും ചിലപ്പോള്‍ ദോഷങ്ങളും ഉണ്ടാകാം. അതെന്തൊക്കെയാണെന്ന് നോക്കാം.
നേരത്തെ ലോണ്‍ അടച്ചാലുള്ള ഗുണങ്ങള്‍:
പലിശ ലാഭിക്കാം: ലോണ്‍ എടുത്ത ആദ്യ വര്‍ഷങ്ങളില്‍ പലിശ കൂടുതലായിരിക്കും. അപ്പോള്‍ത്തന്നെ അടച്ചു തീര്‍ത്താല്‍ കുറെ പണം ലാഭിക്കാം.
ക്രെഡിറ്റ് സ്കോര്‍ കൂടും: പെട്ടെന്ന് ലോണ്‍ അടയ്ക്കുന്നത് നിങ്ങളുടെ കടബാധ്യത കുറയും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കൂട്ടാന്‍ സഹായിക്കും.
കൂടുതല്‍ പണം കയ്യില്‍ വരും: ലോണ്‍ അടച്ചു കഴിഞ്ഞാല്‍ എല്ലാ മാസവും അടയ്ക്കുന്ന പണം മിച്ചം വരും. ഇത് മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം.
ഭാവിയില്‍ ലോണ്‍ കിട്ടാന്‍ എളുപ്പം: നേരത്തെ ലോണ്‍ അടച്ചു തീര്‍ത്താല്‍ ഭാവിയില്‍ വേറെ ലോണുകള്‍ എടുക്കാന്‍ സാധ്യത കൂടും.
നേരത്തെ ലോണ്‍ അടച്ചാലുള്ള ദോഷങ്ങള്‍:
പിഴ നല്‍കേണ്ടി വരും: ചില ബാങ്കുകള്‍ ലോണ്‍ കാലാവധിക്ക് മുന്‍പേ അടച്ചാല്‍ പിഴ ഈടാക്കും. ഇത് വായ്പാ തുകയുടെ 2% മുതല്‍ 5% വരെയാകാം.
കയ്യിലുള്ള പണം കുറയും: ലോണ്‍ പെട്ടെന്ന് അടയ്ക്കാന്‍ കയ്യിലുള്ള സമ്പാദ്യമോ അത്യാവശ്യത്തിനുള്ള പണമോ ഉപയോഗിക്കേണ്ടി വന്നേക്കാം. ഇത് ബുദ്ധിമുട്ടുണ്ടാക്കും.
പലിശ ലാഭം കുറവായിരിക്കും: ലോണിന്‍റെ അവസാന സമയത്താണ് അടയ്ക്കുന്നതെങ്കില്‍ പലിശ ലാഭം കാര്യമായി ഉണ്ടാകില്ല. കാരണം അപ്പോഴേക്കും മിക്ക പലിശയും അടച്ചുതീര്‍ത്തിരിക്കും.
ലോണ്‍ നേരത്തെ അടയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ലോണ്‍ അടയ്ക്കുന്നതിനെക്കുറിച്ചുള്ള ബാങ്കിന്‍റെ നിയമങ്ങള്‍ വായിച്ചുനോക്കുക. പിഴയുണ്ടോ എന്നും ശ്രദ്ധിക്കുക.
പലിശ ലാഭം പിഴയെക്കാള്‍ കൂടുതലുണ്ടോ എന്ന് കണക്കാക്കുക.
ലോണ്‍ അടയ്ക്കാന്‍ വേണ്ടി കയ്യിലുള്ള അത്യാവശ്യ പണമോ നിക്ഷേപമോ എടുക്കാതിരിക്കുക. സാമ്പത്തികമായി സുരക്ഷിതത്വം ഉറപ്പാക്കുക.
ബാങ്കില്‍ നിന്ന് എത്ര തുകയാണടയ്ക്കേണ്ടതെന്ന് കൃത്യമായി ചോദിച്ച് അറിയുക.
ലോണ്‍ അടച്ചു കഴിഞ്ഞാല്‍ ബാങ്കില്‍ നിന്ന് എന്‍ഒസി വാങ്ങുക. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ലോണ്‍ അടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുക. ലോണ്‍ അടച്ചതിന്‍റെ രേഖകള്‍ സൂക്ഷിച്ചുവയ്ക്കുക.
അതുകൊണ്ട്, വ്യക്തിഗത വായ്പ നേരത്തെ അടയ്ക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുന്‍പ് ഇതിലെ ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധാപൂര്‍വ്വം ആലോചിച്ചതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുക.