
കൂട്ടത്തിൽ എപ്പോഴും തിരക്കുള്ള, അല്ലെങ്കിൽ തിരക്ക് അഭിനയിക്കാറുള്ള നമ്മുടെ കൂട്ടുകാരോട് നമ്മൾ ചോദിക്കാറുണ്ട് നീ പ്രധാന മന്ത്രിയൊന്നും അല്ലല്ലോ എന്ന്. ഒരു രാജ്യത്തിന്റെ തലവനാണ് പ്രധാനമന്ത്രി. ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടൊരാൾ. അപ്പോൾ അവർക്ക് കിട്ടുന്ന ശമ്പളവും അലവൻസുമെല്ലാം അതിനൊപ്പം നിൽക്കുന്നതായിരക്കും. ലോകത്തെ പ്രധാനികളായ പ്രധാനമന്ത്രിമാരുടെ ശമ്പള വിവരങ്ങൾ നോക്കിയാലോ...
ലോകത്തേറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂരിലെ ലോറൻസ് വോങ് ആണ്. ഇക്കഴിഞ്ഞ ദിവസം നടപ്പാക്കിയ ശമ്പള പരിഷ്കരണത്തോടെ അദ്ദേഹത്തിന്റെ വാർഷിക ശമ്പളം ഇന്ത്യൻ രൂപയിൽ ഏകദേശം 26.9 കോടി രൂപയായി ഉയർന്നു. സ്വകാര്യ മേഖലയിലെ മിടുക്കരായ പ്രതിഭകളെ ഭരണരംഗത്തേക്ക് ആകർഷിക്കാനും അഴിമതി പൂർണ്ണമായി തടയാനുമാണ് സിംഗപ്പൂർ ഇത്രയും ഉയർന്ന വേതനം നൽകുന്നത്. ഇനി ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് പ്രതിവർഷം 6.83 കോടി രൂപയും സ്വിറ്റ്‌സർലാന്റ് പ്രസിഡന്റ് ഏകദേശം 5.76 കോടി രൂപയും ആണ് ശമ്പളം വാങ്ങുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശമ്പളം പ്രതിവർഷം 3.8 കോടി രൂപയാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് നോക്കിയാൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതിവർഷം 3.25 കോടി രൂപയും, ജർമ്മൻ ചാൻസലർ 3.05 കോടി രൂപയും കൈപ്പറ്റുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് 2.5 കോടി രൂപയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്ക് 2.19 കോടി രൂപയുമാണ് വാർഷിക ശമ്പളം. ഫ്രഞ്ച് പ്രധാനമന്ത്രിക്ക് പ്രതിവർഷം 1.8 കോടി രൂപയും ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്ക് 1.6 കോടി രൂപയും റഷ്യൻ പ്രധാനമന്ത്രിക്ക് 87 ലക്ഷം രൂപയുമാണ് വേതനമായി ലഭിക്കുന്നത്.
ഇനി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പ്രധാനമന്ത്രിയുടെ അടിസ്ഥാന ശമ്പളം മറ്റ് പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവർഷ ശമ്പളം ഏകദേശം 20 ലക്ഷം രൂപ മാത്രമാണ്. പ്രതിമാസം 1.6 ലക്ഷമാണിത്. അയൽരാജ്യങ്ങളായ ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വാർഷിക ശമ്പളം 21 ലക്ഷം രൂപയും, മലേഷ്യൻ പ്രധാനമന്ത്രിയുടേത് 51 ലക്ഷം രൂപയും, ഭൂട്ടാൻ പ്രധാനമന്ത്രിയുടേത് 31 ലക്ഷം രൂപയുമാണ്.
അതേസമയം, ലോകത്തിലെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രിമാരിൽ മുൻപന്തിയിൽ കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയൻ പ്രധാനമന്ത്രിയാണ്. ഏകദേശം 1,100 ഡോളർ അഥവാ 91,000 ഇന്ത്യൻ രൂപ മാത്രമാണ് അദ്ദേഹത്തിന്റെ വാർഷിക ശമ്പളം. അതായത് മാസ ശമ്പളം എണ്ണായിരം രൂപയിൽ താഴെ മാത്രം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിലെ പ്രധാനമന്ത്രിക്കും പ്രതിവർഷം 1.35 ലക്ഷം രൂപ മാത്രമാണ് വേതനം ലഭിക്കുന്നത്. മിക്ക രാജ്യങ്ങളിലും പ്രധാനമന്ത്രിമാർക്ക് ശമ്പളത്തിന് പുറമെ ഔദ്യോഗിക വസതി, അത്യാധുനിക സുരക്ഷ, യാത്രാ ബത്തകൾ എന്നിവ സൗജന്യമായി അതത് രാജ്യങ്ങളിലെ സർക്കാറുകൾ നൽകുന്നുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങൾക്കും ഇതും ഒരു പോലെയല്ല, രാജ്യങ്ങൾക്കനുസരിച്ച് ഇതിലും മാറ്റങ്ങൾ വരും. മുൻനിര സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലെ നേതാക്കൾ കോടികൾ പ്രതിവർഷ ശമ്പളമായി കൈപ്പറ്റുമ്പോൾ, മറ്റ് ചില രാജ്യങ്ങളിൽ സാധാരണക്കാരായ ജീവനക്കാരുടെ വേതനത്തിലും കുത്തനെ കുറഞ്ഞ തുകയാണ് ഭരണാധികാരികൾക്ക് ലഭിക്കുന്നതെന്ന് സാരം…