യെസ് ബാങ്കില്‍ പ്രതിസന്ധി രൂക്ഷം: പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍

By Web TeamFirst Published Mar 6, 2020, 2:58 PM IST
Highlights

എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യം യെസ് ബാങ്കിനെ ഏറ്റെടുക്കാന്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. 

മുംബൈ: റിസർവ് ബാങ്ക് ഏറ്റെടുത്ത യെസ് ബാങ്കിനെ വായ്പകൾ നൽകുന്നതിൽ നിന്ന്  ആർബിഐ വിലക്കി. പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ മുംബൈയിലടക്കം യെസ് ബാങ്ക് എടിഎമ്മുകൾ കാലിയായി. യെസ് ബാങ്കിന്‍റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. ആശങ്ക വേണ്ടെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. പ്രതിസന്ധി ചർച്ച ചെയ്യാൻ എസ്ബിഐ ചെയർമാനും ധനകാര്യമന്ത്രി നിർമലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. 

യെസ് ബാങ്കില്‍ നിന്നും പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയതാണ് ഓൺലൈൻ സംവിധാനം താറുമാറാക്കിയത്. രാവിലെ തന്നെ എടിഎമ്മുകളിലെ പണം ആളുകൾ പിൻവലിച്ചു തീര്‍ത്തു. ഇതോടെയാണ് രാവിലെ മുതൽ ബാങ്കിലേക്ക് ഇടപാടുകാർ എത്തിയത്. ടോക്കൺ നൽകി തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥർ.

പെരുകിയ കിട്ടാക്കടം,മൂലധനം കണ്ടെത്തുന്നതിലെ വീഴ്ച ഒപ്പം ഭരണതലത്തിലെ കെടുകാര്യസ്ഥത എന്നിവയാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മുന്നറിയിപ്പുകൾ പരിഗണിച്ച് മുന്നേറുന്നതിൽ ബാങ്ക് നേതൃത്വം പരാജയപ്പെട്ടതുകൊണ്ടാണ് മൊററ്റോറിയം പ്രഖ്യാപിച്ച് ഭരണം ഏറ്റെടുത്തതെന്നും റിസ‍ർവ്ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യം യെസ് ബാങ്കിനെ ഏറ്റെടുക്കാന്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. 

പ്രതിസന്ധി രൂക്ഷമായതിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ എസ്ബിഐ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റ് ഹൗസില്‍ എത്തിയാണ് എസ്ബിഐ ചെയർമാൻ ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തിയത്. യെസ് ബാങ്കിൻറെ കാര്യത്തിൽ പരിഭ്രാന്തി വേണ്ടെന്നും ബാങ്കിൻറെ പ്രവർത്തനം ഉടന സാധാരണ നിലയിലാകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. 

അതേസമയം യെസ് ബാങ്ക് പ്രതിസന്ധിയില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് എത്തി. സര്‍ക്കാരിന്‍റെ കഴിവു കേടാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുന്‍കേന്ദ്രധനമന്ത്രി പി.ചിദംബരം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മോദിയുടെ ആശയങ്ങള്‍ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ യെസ് ബാങ്ക് പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷണ മൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

click me!