ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേനയുടെ പോരാട്ടം; 106 തീവ്രവാദികളെ വധിച്ചു

By Web DeskFirst Published Jun 30, 2018, 1:02 PM IST
Highlights
  • 106 തീവ്രവാദികളെ വധിച്ചു
  • 18 പേരെ പിടികൂടി
  • ഹൂതികള്‍ യെമനിലും സൗദിയിലും പ്രയോഗിക്കുന്നത് ഇറാന്‍ നിര്‍മ്മിത ആയുധങ്ങളെന്നതിന് തെളിവ്

യെമന്‍: യെമനില്‍ അറബ് സഖ്യസേന ഹൂതി വിമതര്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി. നൂറ്റിയാറ് തീവ്രവാദികളെ സൈന്യം വധിക്കുകയും 18 പേരെ പിടികൂടുകയും ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് വൻതോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഹൂതികൾ യെമനിലും സൗദിയിലും ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത് ഇറാൻ നിർമിത ആയുധങ്ങളാണെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നു.

മിസൈലുകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽനിന്ന് ഇറാന്റെ പങ്ക് വ്യക്തമാണെന്ന് യുഎസിലെ രാഷ്ട്രീയകാര്യ വിദഗ്ധ റോസ്മേരി എ.ഡികാർലോ പറഞ്ഞു. അറബ് സഖ്യ സേന വ്യോമ - കര യുദ്ധം ശക്തമാക്കിയതോടെ ചെറുസംഘങ്ങളായി ഒറ്റപ്പെട്ട ഹൂതിവിമതര്‍ താവളങ്ങൾ ഉപേക്ഷിച്ചു രക്ഷപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. താഹിത ജില്ലയിലാണ് ഏറ്റവും പുതിയ സൈനിക നീക്കം. 

ബാക്കിയുള്ള മേഖലകളിൽനിന്നും തീവ്രവാദികളെ തുടച്ചുനീക്കാൻ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കും. ഭീകരരുടെ താവളങ്ങൾ വളഞ്ഞ് ആയുധസന്നാഹങ്ങൾ തകർക്കുകയും രക്ഷപ്പെടാനുള്ള പഴുതുകൾ ഇല്ലാതാക്കുകയുമാണ് സഖ്യ സേനയുടെ ലക്ഷ്യം. പിടിയിലായവരിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള മുന്നേറ്റം. ജബൽ അൽ ഹൽഖും, അൽ കർബ്, സബീത്, റകീസ മലനിരകൾ, ജാലിസ് മലനിരകൾ എന്നിവിടങ്ങൾ സഖ്യസേനയുടെ നിയന്ത്രണത്തിലായി. ഹൂതികൾ താവളമാക്കിയിരുന്ന പല ഗ്രാമങ്ങളും കൃഷിയിടങ്ങളും മോചിപ്പിച്ചു. 

click me!