വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവ് മോഡലിനെ ബന്ദിയാക്കിയത് പന്ത്രണ്ട് മണിക്കൂർ

By Web DeskFirst Published Jul 14, 2018, 10:03 AM IST
Highlights
  • അലിഗഢ് സ്വദേശിയായ യുവാവ്  പിടിയില്‍
  • ഭോപ്പാലിലാണ്  സംഭവം

ഭോപ്പാൽ: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവ് ബന്ദിയാക്കിയ മോഡലിനെ ഒടുവില്‍ പൊലീസെത്തി മോചിപ്പിച്ചു.  സംഭവത്തില്‍  ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ രോഹിത്ത് സിം​ഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലാണ്  സംഭവം.

യുവതിയുടെ  അപ്പാർട്ട്മെന്റിൽ എത്തിയ രോഹിത്ത് യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിനെ തുടർന്ന് മോഡലിനെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. നീണ്ട പന്ത്രണ്ടു മണിക്കൂറാണ് കാമുകനെന്ന് അവകാശപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ ബന്ദിയാക്കിയെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് വഴങ്ങിയില്ലെങ്കിൽ തന്നെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ മൊഴി നൽകി.

യുവതിയെ ബന്ദിയാക്കിയതിന് ശേഷമുള്ള വീഡിയോ രോഹിത് പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കൾ  വീടില്‍ നിന്ന് താമസം മാറുകയായിരുന്നുവെന്നും രോഹിത്  മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്നെ ഉപദ്രവിച്ചുവെന്നും അതിനാലാണ് ബന്ദി നാടകം നടത്തിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവാവ് സ്റ്റാമ്പ് പേപ്പറും മൊബൈല്‍ ചാര്‍ജറും ആവശ്യപ്പെട്ടതായി പൊലീസ് വെളിപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ് പൊലീസിന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. യുവതിക്ക് കുഴപ്പമൊന്നുമില്ലെന്നും യുവാവിനെ മാനസിക ചികിത്സയ്ക്ക് വിധേയനാക്കിയെന്നും ഭോപ്പാല്‍ സൗത്ത് എസ്.പി രാഹുല്‍ ലോധി പറഞ്ഞു. മോഡലിംഗുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെയാണ് രോഹിത് യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് തുടര്‍ച്ചയായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിനെ താക്കീത് ചെയ്ത് വിട്ടുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

click me!