
കവരത്തി;ലക്ഷദ്വീപില്‍ വന്‍വികസനത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ വിനോദസഞ്ചാരമേഖലയില്‍ സ്വകാര്യ---പൊതുമേഖല പങ്കാളിത്തതോടെ വന്‍നിക്ഷേപം കൊണ്ടു വരാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ദ്വീപിലെ അപൂര്‍വ്വമായ ജൈവവൈവിധ്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള പ്രകൃതി സൗഹൃ-ദ വിനോദസഞ്ചാര പദ്ധതികളാവും ലക്ഷദ്വീപ് സമൂഹത്തിലെ തിരഞ്ഞെടുത്ത 12 ദ്വീപുകളിലായി നടപ്പാക്കുക. ആള്‍താമസുള്ളതും ഇല്ലാത്തതുമായ ദ്വീപുകള്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ പദ്ധതി.
മിനിക്കോയ്, ബഗാരം,സുഹേലി,ചെറിയം, തിന്നകര, കല്‍പേനി,കടമത്ത്,അഗത്തി,ചെത്തലത്,ബിത്ര എന്നീ ദ്വീപുകളാണ് വിനോദസഞ്ചാരികള്‍ക്കായി ദ്വീപ് ഭരണകൂടം തുറന്നിടുന്നത്. നിലവില്‍ ബഗാരം, തിന്നകര, ചെറിയം,സുഹേലി, കല്‍പേനി എന്നീ ദ്വീപുകളില്‍ ആള്‍താമസമില്ല. ഇവിടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയ ശേഷം മാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ സാധിക്കൂ.
ലക്ഷദ്വീപിന്‍റെ ജൈവപ്രാധാന്യം കണക്കിലെടുത്ത് വളരെ കര്‍ശനനിരീക്ഷണത്തിലും നിയന്ത്രണങ്ങളിലാവും സഞ്ചാരികളെ ഇവിടെ പ്രവേശിപ്പിക്കുക. ഓരോ ദ്വീപിന്‍റേയും പരിസ്ഥിതി സ്വഭാവത്തിനനുസരിച്ച് അവിടെ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് തന്നെ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകളും, സ്കൂബാഡൈവിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരുക്കുന്നുണ്ട്. പദ്ധതികളുടെ നടത്തിപ്പിനായി സ്വകാര്യ നിക്ഷേപകരുമായി കൈകോര്‍ക്കുകയാണ് ദ്വീപ് ഭരണകൂടം. സ്വകാര്യ-പൊതുനിക്ഷേപത്തില്‍ സുഹേലി,മിനിക്കോയ്,കടമത്ത് ദ്വീപുകളിലെ പദ്ധതികള്‍ ഉടനെ ആരംഭിക്കും.
300 കോടി രൂപയോളം ഈ പദ്ധതികളിലേക്ക് സ്വകാര്യ നിക്ഷേപമായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ദ്വീപ് നിവാസികള്‍ക്കായിരിക്കും തൊഴിലവസരങ്ങളില്‍ ആദ്യപരിഗണന നല്‍കുക.ടൂറിസം വികസനത്തിന് വഴിയൊരുക്കാനായി ആധുനിക ബോട്ട് ജെട്ടികള്‍ ദ്വീപുകളില്‍ നിര്‍മ്മിക്കാനും നിലവിലുള്ള റോഡുകള്‍ നവീകരിക്കാനും പുതിയവ നിര്‍മ്മിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എല്ലാ ദ്വീപുകളിലും മൊബൈല്‍ സേവനം, കുടിവെള്ളപദ്ധതി, 24 മണിക്കൂറും വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യവികസനപദ്ധതികളും ദ്വീപില്‍ ഉടന്‍ നടപ്പാക്കും. ലക്ഷദ്വീപിലെ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ചൂര മത്സ്യങ്ങളുടെ വിപണനത്തിനായും പ്രത്യേക പദ്ധതി ദ്വീപ് ഭരണകൂടം ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam