ആലപ്പുഴയിലെ ക്വട്ടേഷന്‍ സംഘങ്ങളെ പിടിക്കാന്‍ 30 അംഗ പൊലീസ് സംഘം

By Web DeskFirst Published Feb 14, 2017, 6:37 PM IST
Highlights

ആലപ്പുഴ: ആലപ്പുഴയില്‍ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ മുപ്പതംഗ പോലീസ് സംഘത്തിന് രൂപം നല്‍കി. കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൂന്ന് എസ്.ഐ. മാരാണ് സംഘത്തെ നയിക്കുക. ഹരിപ്പാട് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് കണ്‍ട്രോള്‍ റൂം ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തല്‍  ഡി.ജി.പി.ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി. ബി.സന്ധ്യ എന്നിവര്‍ ഞായറാഴ്ച ഹരിപ്പാട്ടെത്തിയിരുന്നു.

ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീകരമായ ആക്രമണങ്ങളുടെ സ്വഭാവവും ജനങ്ങളുടെ ഭീതിയും കണക്കിലെടുത്ത് ഡി.ജി.പി.യാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കാന്‍ നിര്‍ദേശിച്ചത്.സംഘത്തെ നയിക്കുന്ന എസ്.ഐ.മാര്‍ക്ക് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകള്‍ നല്‍കുകയില്ല. ഇവര്‍ മുഴുവന്‍ സമയവും ക്വട്ടേഷന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

കായംകുളം, കരീലക്കുളങ്ങര, കനകക്കുന്ന്, തൃക്കുന്നപ്പുഴ, ഹരിപ്പാട്, വീയപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാനുള്ള കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. അതിനിടെ ജില്ലയിലെ ഗുണ്ടകളുടെ കരുതല്‍ അറസ്റ്റ് തുടരുകയാണ്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ 138 ഗുണ്ടകളെകൂടി ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ മൂന്ന് ദിവസത്തിനിടെ ആലപ്പുഴയില്‍ അറസ്റ്റ് ചെയ്ത ഗുണ്ടകളുടെ എണ്ണം 446 ആയി.

 

click me!