
അസമിലെ കോക്രജാറിൽ ഭീകരാക്രമണത്തിൽ 14 നാട്ടുകാർ കൊല്ലപ്പെട്ടു. കോക്രജാറിലെ ബാലാസനിലെ തിരക്കേറിയ വെള്ളിയാഴ്ച്ച ചന്തയിലാണ് ബോഡോ തീവ്രവാദികൾ ആക്രണം അഴിച്ചുവിട്ടത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.
2014ലെ കലാപനാളുകൾക്ക് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണ് ബോഡോ ജില്ലയിലെ കോക്രജാറിൽ ഇന്ന് നടന്നത്. രാവിലെ 11.30ന് കോക്രജാർ പട്ടണത്തിൽ നിന്നു മൂന്ന് കിലോമീറ്റർ മാറി ബാലാസനിൽ സൈനിക വേഷത്തിലെത്തി ഭീകരവാദികൾ ആക്രമണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച്ച ചന്തയിൽ തിരക്ക് കൂടിയപ്പോൾ ആദ്യം ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചതിന് ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഭടൻമാർ ഉടൻ തന്നെ എത്തി തീവ്രവാദികളെ നേരിട്ടു. ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടെങ്കിലും തിരക്കിന്‍റെ മറവിൽ മൂന്ന് പേർ രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ് 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസം മുഖ്യമന്ത്രി സർബാനന്ദ് സോനാവാൾ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായും ഫോണിൽ സംസാരിച്ചു.
കൂടുതൽ കേന്ദ്ര സേനയെ കോക്രജാറിൽ വിന്യസിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തില്ല കുടിയേറ്റ മുസ്ളീങ്ങളും, ബോഡോകളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ബോഡോജില്ലയിൽ പ്രത്യേക ബോഡോ മേഖലക്കായി വാദിക്കുന്ന ഗ്രൂപ്പുകൾ നിരവധിയാണ്. ഇതിൽ നാഷണൽ ഡെമോക്രാറ്റിക്ക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് സങ്ജിത്ത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യത്തിന്‍റെ പ്രാഥമിക നിഗമനം. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ആക്രമണത്തെ അപലപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam