മഹാരാഷ്‌ട്രയിലെ ആയുധ സംഭരണശാലയില്‍ തീപ്പിടിത്തം; 17 മരണം

By Web DeskFirst Published May 31, 2016, 12:50 AM IST
Highlights

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ  സൈനിക ആയുധശാലയിലുണ്ടായ തീപിടുത്തില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം 17 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മഹാര്ട്രയിലെ പുല്‍ഗാവില്‍ പുലര്‍ച്ചെയോടെയായിരുന്നു അപകടം.  ബ്രഹ്മോസ് മിസൈലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ മേഖലയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു.

മഹാരാഷ്‌ട്രയിലെ വാര്‍ധ ജില്ലയില്‍ സൈന്യത്തിന്റെ ആയുധ സംഭരണശാലയില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പ്രതിരോധ സുരക്ഷാ സേനയിലെ ലഫ്നന്റ് കേണല്‍, മേജര്‍ റാങ്കിലുള്ള  രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് മരിച്ചത്. തീപടര്‍ന്നതോടെ ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായി. ജീവന്‍ പണയപ്പെടുത്തി തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്.  

മിസൈലുകളും, ഗ്രനേഡുകളും ഉള്‍പ്പെടെ ഉഗ്രശേഷിയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിച്ച ഗോഡൌണിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. അപകടം നടന്ന ഉടന്‍ സൈനികരുടെ കുടുംബങ്ങളും ഗ്രാമരാമവാസികളും ഉള്‍പ്പെടെ ആയിരത്തിലധികം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. അതീവസുരക്ഷാ മേഖലയില്‍ തീപിടിത്തത്തെക്കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് സൈന്യം ഉത്തരവിട്ടു.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് എന്നിവര്‍  സംഭവസ്ഥലം സന്ദര്‍ശിക്കും. കോടികള്‍ വിലവരുന്ന  സ്ഫോടക വസ്തുക്കളും ആയുധങ്ങളും തീപിടിത്തത്തില്‍ നശിച്ചതായാണ് സൂചന. സൈന്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ആയുധം വിതരണം ചെയ്യുന്ന ഈ ആയുധ സംഭരണശാല ഏഷ്യയില്‍തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ ശാലയാണ്.

click me!