'ഇനി ഞാന്‍ മദ്യപിക്കില്ല, എന്‍റെ മകനെ എനിക്ക് നഷ്ടമായി ' അച്ഛന്‍റെ ശപഥം

By Web DeskFirst Published May 7, 2018, 2:45 PM IST
Highlights
  • എന്‍റെ മകനെ എനിക്ക് നഷ്ടമായി, ഇനി ഞാന്‍ മദ്യപിക്കില്ല

തിരുനെല്‍വേലി: അച്ഛന്‍റെ മദ്യപാനത്തില്‍ മനം നൊന്ത് തമിഴ്നാട്ടില്‍ 17 കാരൻ ആത്മഹത്യ ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തിരുനെല്‍വേലിക്കടുത്ത് വണ്ണാർപേട്ടയിലായിരുന്നു സംഭവം. മദ്യപാനം നിർത്താനുള്ള തന്‍റെ നിരന്തരമായ അഭ്യർത്ഥനകള്‍ അച്ഛൻ അനുസരിക്കാതെ വന്നതോടെയായിരുന്നു ശങ്കരൻകോവില്‍ സ്വദേശി ദിനേശ്  നല്ലശിവന്‍ ജീവനൊടുക്കിയത്.

കുറ്റബോധത്തില്‍ നീറുകയാണ് ഇന്ന് ദിനേശിന്‍റെ പിതാവ് മാടസാമി. ഇനിയൊരിക്കലും മദ്യപിക്കില്ലെന്നും, ഈ ശീലം മകനെ എന്നന്നേക്കുമായി നഷ്ടമാക്കിയെന്നും മാടസാമി പറയുന്നു. ഇന്നലെ രാജ്യം മുഴുവന്‍ നീറ്റ് പരീക്ഷയെഴുതുമ്പോള്‍ തന്‍റെ മകന്‍ ഇല്ലാതായതിന്‍റെ ദുഖത്തില്‍ നീറുകയായിരുന്നു മാടസാമി.

നന്മയുള്ള ഹൃദയമായിരുന്നു അവന്‍റേത്. എന്നെ അവന്‍ ഒരുപാട് സ്നേഹിച്ചിരുന്നു. എന്നാല്‍ സ്നേഹം തിരിച്ചു നല്‍കുന്നതില്‍ ഞാന്‍ തോറ്റുപോയി.... മാടസാമി പറയുന്നു. മകന്‍റെ അന്ത്യകര്‍മകങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പലരും എന്നെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അത് എന്‍റെ ഉത്തരവാദിത്തമായിരുന്നു. താന്‍ മദ്യപിക്കാറുണ്ടെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ലെന്നും മാടസാമി പറയുന്നു. ഇതൊരു തിരിച്ചറിവാണ് ഇനിയൊരിക്കലും ഞാന്‍ മദ്യം കൈകൊണ്ട് തൊടില്ലെന്ന് ശപഥം ചെയ്യുകയാണ്- മാടസാമി പറഞ്ഞു നിര്‍ത്തി.

വണ്ണാർപേട്ടയിലെ ഒരു റെയില്‍വേ മേല്‍പ്പാലത്തിന് താഴെയാണ് ദിനേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  അച്ഛന്‍റെ മദ്യപാനമാണ് മരണത്തിന് കാരണമെന്നും ദിനേശ് എഴുതിയിരുന്നു.  തന്‍റെ അന്ത്യകർമങ്ങള്‍ അച്ഛൻ അനുഷ്ഠിക്കരുത്, ഇനിയെങ്കിലും കുടി നിർത്തണം എങ്കില്‍ മാത്രമേ തന്‍റെ ആത്മാവിന് ശാന്തി ലഭിക്കൂ. 

സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ദിനേശ് കുറിച്ചിരുന്നു. പ്ലസ് ടു നല്ല മാർക്കോടെ പാസ്സായ ദിനേശ് നീറ്റ് എക്സാം എഴുതാൻ തയ്യാറായിരിക്കുകയായിരുന്നു.ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട ദിനേശ് അമ്മാവന്‍റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. 

click me!