ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 24 പ്രതികള്‍ കുറ്റക്കാര്‍; 36 പേരെ വെറുതെവിട്ടു

By Web DeskFirst Published Jun 1, 2016, 2:09 PM IST
Highlights


അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രി അടക്കം 69പേർ കൊല്ലപ്പെട്ട ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചു. 36 പേരെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. വിധിയിൽ തൃപ്തി ഇല്ലെന്നും അപ്പീൽപോകുമെന്നും ഇഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു.

2002 ഫെബ്രുവരി 28 ന് കൂട്ടക്കൊല നടന്ന് 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. കുറ്റക്കാരെന്നു വിധിച്ച 24 പേരില്‍ 11 പേര്‍ക്കെതിരെ 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തി. പ്രത്യേക അന്വേഷണ സംഘം കുറ്റക്കാരെന്നു കണ്ടെത്തിയ ബി.ജെ.പി നേതാവ് ബിപിന്‍ പട്ടേല്‍, വിശ്വഹിന്ദു പരിഷത് നേതാവ് അതുല്‍ വൈദ്യ, പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജി എര്‍ദ ഉള്‍പ്പെടെ 36 പേരെ വെറുതെ വിടാനും കോടതി വിധിച്ചു. ആസൂത്രിത ആക്രമണമായിരുന്നുവെന്ന ആരോപണം തള്ളിയ കോടതി ആര്‍ക്കുമെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടില്ല. അതേസമയം, കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കുമെന്നു ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി എന്ന പാര്‍പ്പിട സമുച്ചയത്തില്‍ കടന്ന 20000 വരുന്ന ആക്രമികള്‍ ജാഫ്രി അടക്കം 69 പേരെയാണ് കൊലപ്പെടുത്തിയത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച കേസിലെ വിചാരണ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 22 ന് പൂര്‍ത്തിയായിരുന്നു. ആറു വര്‍ഷത്തിനുള്ളില്‍ 338 സാക്ഷികളെ വിസ്തരിച്ചു. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കലാപകാരികളെ സഹായിക്കുന്ന നിലപാടെടുത്തെന്നു സാക്കിയ ജാഫ്രി ആരോപിച്ചിരുന്നു.

എന്നാല്‍ മോദിക്കെതിരെ തെളിവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.  ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആസൂത്രിത ആക്രമണമായിരുന്നു ഇതെന്ന് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചു. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച ഒന്പതു കേസുകളില്‍ ഒരെണ്ണമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ്.

click me!