ആയുധധാരികളായ 28 മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ വനത്തിലുണ്ടായിരുന്നെന്ന് സൂചന; കൈയ്യില്‍ എ.കെ47 അടക്കമുള്ള ആയുധങ്ങള്‍

By Web DeskFirst Published Nov 25, 2016, 9:31 AM IST
Highlights

നിലമ്പൂര്‍ വനമേഖലയില്‍ ആയുധധാരികളായ 28 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി സൂചന. രാജ്യത്തെ നാല് മാവോയിസ്റ്റ് മേഖലാ കമ്മിറ്റികളില്‍ ഒന്നിന്റെ ആസ്ഥാനം നിലമ്പൂരായത് ഒരു വര്‍ഷം മുമ്പാണ്. ഇതാണ് കര്‍ണ്ണാടകം, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ പോലിസിന്റെ ശ്രദ്ധ നിലമ്പൂരിലേക്ക് തീരിയാന്‍ കാരണം.

രാജ്യത്ത് നാല് മേഖലകളിലായാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്. വേണുഗോപാല്‍ റെഡ്ഡിയാണ് ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. കര്‍ണ്ണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി 2009ലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. വയനാടായിരുന്നു ഇവരുടെ ആദ്യത്തെ ആസ്ഥാനം. എന്നാല്‍ ഗറില്ലാ മുറകള്‍ക്ക് പറ്റിയ സ്ഥലമല്ല വയനാടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ആസ്ഥാനം നിലമ്പൂരേക്ക് മാറ്റിയത്. നാല് ദളങ്ങളിലായി ചുരുങ്ങിയത് 28 ആയുധധാരികളായ മാവോയിസ്റ്റുകള്‍ ഒരു വര്‍ഷമായി നിലമ്പൂര്‍ വനത്തിലുണ്ടായിരുന്നു. ഒരു സ്ത്രീയെ അടക്കം പലരെയും വനത്തിനുള്ളില്‍ കണ്ടിരുന്നെന്ന് ആദിവാസികള്‍ പറഞ്ഞു. 

കൊല്ലപ്പെട്ട കുപ്പുദേവരാജിനെ കൂടാതെ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം കൂടി നിലമ്പൂരിലുണ്ടായിരുന്നു. രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ കൈയ്യിലും എ.കെ 47 തോക്കുകളുണ്ടായിരുന്നു. ഏറ്റുമുട്ടലിന് ശേഷം ഈ തോക്കുകള്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നിലമ്പൂര്‍, വയനാട് വന മേഖലകളില്‍ ആദിവാസികളെ സംഘടിപ്പിക്കുകയായിരുന്നു മാവോയിസ്റ്റ് സംഘത്തിന്റെ ലക്ഷ്യം. പല ആദിവാസി ഔരുകളിലും ഇവര്‍ക്ക് സ്വാധീനമുണ്ടായിരുന്നു. കുപ്പു ദേവരാജ് നിരന്തരം നടത്തിയ മൊബൈല്‍ ഫോണ്‍ വിളികള്‍ പൊലീസ് ചോര്‍ത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പിടിയിലായ രൂപേഷ് കുപ്പു ദേവരാജിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. കുപ്പു കൊല്ലപ്പെട്ടതോടെ കേരളത്തിലെ മാവോയിസ്റ്റ് നീക്കങ്ങള്‍ ദുര്‍ബലമാകുമെന്ന് പൊലീസ് കരുതുന്നില്ല. കഴിഞ്ഞ മേയില്‍ അട്ടപ്പാടിയില്‍ നടത്തിയ യോഗ ത്തില്‍ വെച്ച് ഈ വരുന്ന ഡിസംബറില്‍ സംസ്ഥാനത്ത് ചില ആക്രമണങ്ങള്‍ നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നു. മുന്‍ തീരുമാനപ്രകാരം തന്നെ ഇത് നടപ്പാക്കുമോ എന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.

                                


 

click me!