Latest Videos

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി കേസ് - നാള്‍വഴി ഇങ്ങനെ

By Web DeskFirst Published Dec 21, 2017, 10:12 AM IST
Highlights

ഇന്ത്യൻ രാഷ്ട്രീയം മാറ്റിയെഴുതുന്നതിൽ നിർണ്ണായക പങ്കുവഹിച്ച 2 ജി കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് കോടതി കണ്ടെത്തിയത്. എ രാജയടക്കമുള്ള എല്ലാ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.

രണ്ടാം യുപിഎ സർക്കാരിനെ അഴിമതി ആരോപണത്തിൽ മുക്കിയ ടുജി സ്പെക്ട്രം കേസിലാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി. ടു.ജി ലൈസന്‍സ് അനുവദിച്ചതിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തല്‍. 

 യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ2 ജി കേസിന്‍റെ നാള്‍വഴി നോക്കാം.

 

2ജി കേസ് – നാള്‍വഴി 

2007 ഓഗസ്റ്റ്

2ജി സ്പെകട്രം വിതരണത്തിന് ടെലികോം വകുപ്പ് നടപടി തുടങ്ങി.

2007 സെപ്റ്റംബര്‍ 25

ഒക്ടോബര്‍ 1-വരെ സ്പെക്ട്രത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി  ടെലികോം മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പ്.

2007 ഒക്ടോബര്‍ 01

46 കമ്പനികളില്‍ നിന്നുളള 575 അപേക്ഷകള്‍ ടെലികോം മന്ത്രാലയത്തിനു ലഭിച്ചു.

2007 നവംബര്‍ 2

സ്പെക്ട്രം വില്‍പ്പന സുതാര്യവും നീതിപൂര്‍വ്വകവുമാണെന്ന്  ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ടെലികോം മന്ത്രി എ.രാജയ്ക്ക് കത്തെഴുതി.

2008 ജനുവരി 10

സ്പെക്ട്രം വില്‍പ്പനയുടെ നടപടി ക്രമങ്ങള്‍ പരസ്യപ്പെടുത്തി പത്രക്കുറിപ്പ്. സെപ്റ്റംബര്‍ 25-വരെയുളള അപേക്ഷ മാത്രമേ സ്വീകരിക്കുവെന്ന് മന്ത്രാലയം.അതനുസരിച്ച് 343 പേരുടെ അപേക്ഷകള്‍ തളളി. സ്പെക്ട്രം ലൈസന്‍സ് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍.  

2008 ജനുവരി

2007 മാര്‍ച്ച് 2-ന് അപേക്ഷ നല്‍കിയ സ്വാന്‍ ടെലികോമിനു ദില്ലിയില്‍ ലൈസന്‍സും സ്പെക്ട്രവും ലഭിച്ചപ്പോള്‍ 2006 ഓഗസ്റ്റ് 31-ന് അപേക്ഷ കൊടുത്ത സ്പൈസ് കമ്മ്യൂണിക്കേഷന്‍സിനു ലൈസന്‍സ് ലഭിച്ചില്ല.

2008

സ്വാന്‍ ടെലികോം, യുണിടെക്, റ്റാറ്റ ടെലിസര്‍വീസസ് എന്നീ കമ്പനികള്‍ തങ്ങളുടെ ഷെയറുകള്‍ വന്‍ തുകയ്ക്ക് എത്തിസലാത്ത്, ടെലിനോര്‍, ഡോക്കോമോ എന്നീ കമ്പനികള്‍ക്ക് മറിച്ചുവിറ്റു.  

2009  മേയ് 04

ലൂപ് ടെലികോമിന് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് ടെലികോം വാച്ച്ഡോഗ് എന്ന സംഘടന കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി.

2009

പരാതി കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ സി.ബി.ഐയ്ക്കു കൈമാറി.

2009 ജൂലൈ 1

സ്പെക്ട്രം ലൈസന്‍സിനുളള അപേക്ഷ ലഭിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 25-ലേക്കു മാറ്റിയത് ക്രമക്കേടാണെന്നു ദില്ലി ഹൈക്കോടതി.  

2009 ഒക്ടോബര്‍ 21

ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചില കമ്പനികള്‍ക്കുമെതിരെ സി.ബി.ഐ കേസെടുത്തു.

2009 ഒക്ടോബര്‍ 22

ദില്ലിയിലെ ടെലികോം വകുപ്പിന്‍റെ പ്രധാന ഓഫീസില്‍ സി.ബി.ഐ റെയ്ഡ്.

2009 നവംബര്‍ 16

2ജി കുംഭകോണത്തിലെ ഇടനിലക്കാരി നീരാ റാഡിയയുടെ സമ്പാദ്യത്തെക്കുറിച്ച് സി.ബി.ഐ ആദായനികുതി വകുപ്പിനോട് വിവരം തേടി.

2010 മാര്‍ച്ച് 31

2ജി സ്പെക്ട്രം വിതരണം സുതാര്യമായിരുന്നില്ലെന്നും നിരവധി ക്രമക്കേടുകള്‍ നടന്നുവെന്നും സി.എ.ജി. റിപ്പോര്‍ട്ട്.

2010 മേയ് 06

2 സ്പെക്ട്രം വിതരണം ബന്ധപ്പെട്ട് എ.രാജയും നീരാ റാഡിയയും തമ്മിലുളള ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

2010 ഓഗസ്റ്റ് 18

ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി രാജയ്ക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

2010 സെപ്റ്റംബര്‍ 13

രാജയ്ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി ദില്ലി ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.

2010 സെപ്റ്റംബര്‍ 24

രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിച്ചു.

2010 സെപ്റ്റംബര്‍ 27

ലൈസന്‍സ് നേടിയ ചില കമ്പനികള്‍ക്കെതിരെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്റ്റ് പ്രകാരം കേസെടുക്കാമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ അറിയിച്ചു.

2010 ഒക്ടോബര്‍

കേസന്വേഷണത്തിലെ മെല്ലപ്പോക്കിന് സി.ബി.ഐക്ക് സുപ്രീംകോടതി വിമര്‍ശനം.

2010 നവംബര്‍ 10

2ജി സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. റിപ്പോര്‍ട്ട്.

2010 നവംബര്‍ 14

എ.രാജ ടെലികോം മന്ത്രിസ്ഥാനം രാജിവച്ചു.

2011 ഫെബ്രുവരി 02

എ.രാജയെ സി.ബി.ഐ അറസ്റ്റു ചെയ്തു.

2011 ഫെബ്രുവരി 17

രാജയെ തീഹാര്‍ ജയിലിലടച്ചു.

2011 മാര്‍ച്ച് 14

2ജി സ്പെക്ട്രം കേസിനായി ദില്ലി ഹൈക്കോടതി പ്രത്യേക കോടതി രൂപീകരിച്ചു.

2011 ഏപ്രില്‍ 02

ആദ്യ കുറ്റപത്രം സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. രാജയടക്കം 9 പേരും റിലയന്‍സ് അടക്കം 3 കമ്പനികളും സി.ബി.ഐ പ്രതിപ്പട്ടികയില്‍.

2011 ഏപ്രില്‍ 25

സി.ബി.ഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കരുണാനിധിയുടെ മകള്‍ കനിമൊഴിയും കലൈഞ്ജര്‍ ടിവി എം.ഡി. ശരത്കുമാറും അടക്കം 6 പേരെ പ്രതിചേര്‍ത്തു.

2011 ഒക്ടോബര്‍ 22

എ.രാജ, കനിമൊഴി എന്നിവരുള്‍പ്പെടെ 17 പേര്‍ക്കെതിരെ ദില്ലിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി.

2011 നവംബര്‍ 11

2ജി കേസില്‍ വിചാരണ തുടങ്ങി.

2011 നവംബര്‍ 28

കനിമൊഴിക്കു ജാമ്യം ലഭിച്ചു.

2011 ഡിസംബര്‍ 12

മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു. എസ്സാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ റവി റൂയിയ അടക്കം 5 കോര്‍പറേറ്റ് മേധാവികളും എസ്സാര്‍, ലൂപ്പ് എന്നീ കമ്പനികളും പ്രതിപ്പട്ടികയില്‍.

2012 ഫെബ്രുവരി 02

രാജ ടെലികോം മന്ത്രിയായിരിക്കുമ്പോള്‍ നല്‍കിയ 122 സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി.

2012 ഫെബ്രുവരി 04

കേസില്‍ പി.ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി പ്രത്യേക കോടതി തളളി.

2012 ഫെബ്രുവരി 23

കേസില്‍ പി.ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിച്ചു.

2012 മേയ് 15

എ.രാജയ്ക്ക് പ്രത്യേക സി.ബി.ഐ കോടതിയുടെ ജാമ്യം.

2012 ഓഗസ്റ്റ്  24

ചിദംബരത്തെ പ്രതിചേര്‍ക്കാന്‍ പറ്റിയ തെളിവുകളൊന്നും ഇല്ലെന്നു പറഞ്ഞ സുപ്രീംകോടതി സ്വാമിയുടെ ഹര്‍ജി തളളി.

2013 ഡിസംബര്‍ 09

2ജി സ്പെക്ട്രം അഴിമതി സംബന്ധിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട് ലോക്സഭിയില്‍ മേശപ്പുറത്തുവച്ചു. സഭയില്‍ ബഹളം.

2014 ഏപ്രില്‍ 25

2ജി സ്പെക്ട്രം വിതരണത്തിലെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എ.രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ തുടങ്ങി 19 പേര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കി.

2014 മേയ് 05

എല്ലാം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ അറിവോടെയെന്ന് എ.രാജ കോടതിയില്‍ മൊഴി നല്‍കി. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

2014 ഒക്ടോബര്‍ 31

2ജി കേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിച്ച കേസില്‍ എ.രാജ, കനിമൊഴി, ദയാലു അമ്മാള്‍ എന്നിവരുള്‍പ്പെടെ 10 വ്യക്തികള്‍ക്കും ഒന്‍പതു കമ്പനികള്‍ക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി.

2015 ജൂണ്‍ 01

2ജി സ്പെക്ട്രം അഴിമതിയിലൂടെ കലൈഞ്ജര്‍ ടിവിക്ക് 200 കോടി ലഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

2017 ഏപ്രില്‍ 19

2ജി സ്പെക്ട്രം കേസുകളില്‍ അന്തിമവാദം പൂര്‍ത്തിയായി.

2017 ഡിസംബര്‍ 5

2ജി കേസില്‍ വിധി ഡിസംബര്‍ 21-നെന്ന് കോടതി. 

2017 ഡിസംബര്‍ 21

ടുജി കേസില്‍ എല്ലാ  പ്രതികളെയും കോടതി വെറുതെ വിട്ടു.

click me!