അടുത്ത ബന്ധുക്കള്‍ക്ക് പോലും ജയലളിതയെ കാണുവാന്‍ കഴിയുന്നില്ല

By Web DeskFirst Published Oct 7, 2016, 3:06 AM IST
Highlights

വർഷം 1994. ജയലളിതയുടെ തോഴി ശശികലയുടെ സഹോദരപുത്രൻ സുധാകരന്‍റെ വിവാഹനിശ്ചയച്ചടങ്ങ്. അവിടെ വെച്ചാണ് തന്‍റെ വളർത്തുമകനായും രാഷ്ട്രീയത്തിലെ പിൻമുറക്കാരനായും സുധാകരനെന്ന ഇരുപത്തിയെട്ടുകാരനെ ജയലളിത പ്രഖ്യാപിക്കുന്നത്. അതുവരെ തമിഴ് രാഷ്ട്രീയത്തിൽ ആരുമറിയാതിരുന്ന സുധാകരൻ ഒരു ദിവസം കൊണ്ട് താരമായി. 

ശിവാജി ഗണേശന്‍റെ പേരക്കുട്ടിയായ സത്യവതിയുമായുള്ള സുധാകരന്‍റെ വിവാഹം തമിഴ്നാട് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ആഢംബരപൂർണമായിരുന്നു. ലക്ഷക്കണക്കിന് അതിഥികൾക്കായി പാർട്ടി അണികളെ മുഴുവൻ നിരത്തിലിറക്കി ജയലളിത. എന്നാൽ 1995 ലെ തെരഞ്ഞെടുപ്പിൽ ജനം ഇതിന് ജയലളിതയ്ക്ക് മറുപടി നൽകി. മത്സരിച്ച 168 സീറ്റുകളിൽ ജയിച്ചത് വെറും നാലിൽ. ബർഗൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ജയലളിത പോലും തോറ്റു. 

ഇതോടെ ജയലളിതയും സുധാകരനും തമ്മിൽ തെറ്റി. 1996 ആഗസ്ത് 25 ന് ഇനി മേലാൽ സുധാകരൻ തന്‍റെ വളർത്തുമകനല്ലെന്ന് ജയലളിത പ്രഖ്യാപിച്ചു. 2001 ൽ ജയലളിതയെക്കുറിച്ച് ആരോപണമുന്നയിച്ച് മണിക്കൂറുകൾക്കകം സുധാകരന്‍റെ വീട് റെയ്ഡ് ചെയ്യപ്പെട്ടു. ഹെറോയിൻ കൈവശം വെച്ചതിന് സുധാകരൻ അറസ്റ്റിലായി. അന്ന് ജാമ്യം നേടി അപ്രത്യക്ഷനായ സുധാകരൻ പിന്നീട് മാധ്യമങ്ങളുടെ മുന്നിലെത്തുന്നത് 2014 ൽ അനധികൃതസ്വത്ത് സമ്പാദനക്കേസിന്‍റെ വിചാരണയ്ക്കിടെ. 

പിന്നീട് ഇപ്പോൾ ജയലളിത ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും. പോയസ് ഗാർഡൻ വിട്ട് പത്തൊമ്പത് വർഷത്തിന് ശേഷം സുധാകരൻ പഴയ വളർത്തമ്മയെ കാണാൻ ആശുപത്രിയുടെ മുന്നിലെത്തിയെങ്കിലും വാതിൽ തുറന്നില്ല. ആശുപത്രി വളപ്പിനകത്തു പോലും കയറാനാകാതെ സുധാകരൻ തിരികെ മടങ്ങി.

click me!