പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 45 ഇന കര്‍മ്മപരിപാടികള്‍; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി

Published : Feb 25, 2018, 06:47 PM ISTUpdated : Oct 05, 2018, 02:48 AM IST
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 45 ഇന കര്‍മ്മപരിപാടികള്‍; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി

Synopsis

തൃശൂര്‍: നാല് ദിവസങ്ങളായി തുടരുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. പതിനായിരത്തോളം വനിതകളടക്കം 25,000 റെഡ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചോടെയായിരുന്നു സമാപനം. തേക്കിന്‍കാട് മൈതാനത്ത് നിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സമാപന പൊതുസമ്മേളനത്തിന് തുടക്കമായി.

ഉച്ചക്ക് രണ്ടരയോടെ നഗരത്തിലെ നാല് കേന്ദ്രങ്ങളില്‍നിന്ന് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിച്ചു. പടിഞ്ഞാറെകോട്ട, വടക്കേ ബസ് സ്റ്റാന്റ്, ശക്തന്‍നഗര്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രിമൂലയില്‍ സംഗമിച്ചു. തുടര്‍ന്ന് തെക്കേനടയിലൂടെ പൊതുസമ്മേളനം നടക്കുന്ന കെ കെ മാമക്കുട്ടി നഗറില്‍ പ്രവേശിക്കുകയായിരുന്നു. സീതാറാം യെച്ചൂരിക്ക് പുറമെ പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എ കെ പത്മനാഭന്‍, ജി രാമകൃഷ്ണന്‍ എന്നിവര്‍ പൊതുസമ്മേളന വേദിയില്‍ നിന്ന് വളണ്ടിയര്‍മാരെ അഭിവാദ്യം ചെയ്തു.

സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും ഉച്ചയോടെ സമാപിച്ച സിപിഐ എം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ എം സംസ്ഥാന സമ്മേളനം രൂപംനല്‍കി. ഇതിനായി 45 ഇന കര്‍മപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ പാര്‍ട്ടി സംഘടനാ സംവിധാനത്തെ ഇതിനായി ഉപയോഗിക്കുമെന്നും സിപിഐ എം സംസ്ഥാന സമ്മേളനം സമാപിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിപിഐ എം സംസ്ഥാനമൊട്ടാകെ 2000 വീടുകള്‍ നിര്‍മിച്ച് നല്‍കും. ഒരു ലോക്കലില്‍ കുറഞ്ഞത് ഒരു വീടെങ്കിലും നിര്‍മിക്കാനാണ് തീരുമാനം. ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കും. ഒരു ജില്ലയില്‍ ഒരു പുഴ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ ഏറ്റെടുക്കും. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികള്‍ നടത്തും. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പാര്‍ട്ടി ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിനായി സ്‌കൂള്‍ വികസനസമിതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഒരു ഏരിയയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി മുന്‍കൈയെടുക്കും. ഇത്തരത്തില്‍ സംസ്ഥാനത്തൊട്ടാകെ 209 ആശുപത്രികളാണ് പാര്‍ട്ടി  ഏറ്റെടുക്കുക. 

കേരളമൊട്ടാകെ 2000 സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ പാര്‍ട്ടി മുന്‍കൈയെടുത്ത് സ്ഥാപിക്കും. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഒരു ലോക്കലില്‍ പത്ത് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. യുവാക്കള്‍ക്ക് പിഎസ്‌സി അടക്കമുള്ള മത്സരപ്പരീക്ഷകളിലേക്ക് തയ്യാറെടുക്കുന്നതിനായി പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചതായും കോടിയേരി പറഞ്ഞു.

87 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ 10 അംഗങ്ങളുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും  തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നു. ഒമ്പതുപേര്‍ കമ്മിറ്റിയില്‍ നിന്നൊഴിവായി. സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

സിപിഐ എം ജില്ലാ സെക്രട്ടറിമാരായ പി ഗഗാറിന്‍ (വയനാട്), ഇ എന്‍ മോഹന്‍ദാസ് (മലപ്പുറം) ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡണ്ട് എ എന്‍ ഷംസീര്‍, സി എച്ച് കുഞ്ഞമ്പു (കാസര്‍കോട്), കെ സോമപ്രസാദ് (കൊല്ലം), ആര്‍ നാസര്‍ (ആലപ്പുഴ), ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), കെ വി രാമകൃഷ്ണന്‍ (പാലക്കാട്). എന്നിവരാണ് സംസഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

ടി കൃഷ്ണന്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രോള്‍ കമ്മീഷനെയും സമ്മേളനം തെരഞ്ഞെടുത്തു. എം എം വര്‍ഗീസ് ( തൃശൂര്‍ ), ഇ കാസ്സിം (കൊല്ലം) എം ടി ജോസഫ് (കോട്ടയം) കെ കെ ലതിക (കോഴിക്കോട് ) എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.
പി കെ ഗുരുദാസന്‍, കെ കുഞ്ഞിരാമന്‍, പി എ മുഹമ്മദ്, പി ഉണ്ണി, സി കെ സദാശിവന്‍, കെ എം സുധാകരന്‍, പിരപ്പന്‍കോട് മുരളി, ടി കെ ഹംസ, എന്‍ കെ രാധ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി.

സിപിഐ എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍: പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍, പി കരുണാകരന്‍, വൈക്കം വിശ്വന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, എം സി ജോസഫൈന്‍, കെ കെ ശൈലജ, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം, ബേബി ജോണ്‍, കെ പി സതീഷ് ചന്ദ്രന്‍, പി ജയരാജന്‍, എം വി ജയരാജന്‍, കെ പി സഹദേവന്‍, കെ കെ രാഗേഷ്, സി കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, പി സതീദേവി, പി കെ സൈനബ, പി ശ്രീരാമകൃഷ്ണന്‍, എം ചന്ദ്രന്‍, കെ രാധാകൃഷ്ണന്‍, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി, എസ് ശര്‍മ, പി രാജീവ്, എം എം മണി, കെ കെ ജയചന്ദ്രന്‍, കെ ജെ തോമസ്, കെ അനന്തഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരന്‍, സി എസ് സുജാത, കെ രാജഗോപാല്‍, പി രാജേന്ദ്രന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ എന്‍ ബാലഗോപാല്‍, ബി രാഘവന്‍, കെ വരദരാജന്‍, എസ് രാജേന്ദ്രന്‍, എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍,  ടി എന്‍ സീമ, സി പി നാരായണന്‍, ടി വി രാജേഷ്, ജെയിംസ് മാത്യു, എ പ്രദീപ്കുമാര്‍, പി പി വാസുദേവന്‍, സി കെ രാജേന്ദ്രന്‍, എ സി മൊയ്തീന്‍, എന്‍ ആര്‍ ബാലന്‍, സി എന്‍ മോഹനന്‍, കെ പി മേരി, പി കെ ബിജു, സി ബി ചന്ദ്രബാബു, കോലിയക്കോട് കൃഷ്ണന്‍നായര്‍, പി മോഹനന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, കെ പി ഉദയഭാനു, കെ സജീവന്‍, പുത്തലത്ത് ദിനേശന്‍, എം ബി രാജേഷ്, പി നന്ദകുമാര്‍, ഡോ. വി ശിവദാസന്‍, എം സ്വരാജ്, എന്‍ എന്‍ കൃഷ്ണദാസ്, സൂസന്‍ കോടി, എം വി ബാലകൃഷ്ണന്‍, വി ശിവന്‍കുട്ടി, എസ് സുദേവന്‍.
പുതുമുഖങ്ങള്‍: പി ഗഗാറിന്‍, ഇ എന്‍ മോഹന്‍ദാസ്, അഡ്വ. മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, സി എച്ച് കുഞ്ഞമ്പു, കെ സോമപ്രസാദ്, ആര്‍ നാസര്‍, ഗിരിജാ സുരേന്ദ്രന്‍, ഗോപി കോട്ടമുറിക്കല്‍, കെ വി രാമകൃഷ്ണന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു