മെഡിക്കല്‍ കോളേജുകളില്‍ 548 അധ്യാപക തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുന്നു

By Web DeskFirst Published Jul 6, 2016, 10:09 AM IST
Highlights

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 548 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഒഴിവുകള്‍ നികത്താന്‍ സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ബോണ്ട് ഏര്‍പ്പെടുത്തി ഡോക്ടര്‍മാരെ സര്‍വീസിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയവരുടേയും പി എസ് സി റാങ്ക് പട്ടികയിലുള്ളവരുടേയും അവസരം ഇല്ലാതാക്കുകയാണ് ബോണ്ടിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന മറുവാദവും ശക്തമായിക്കഴിഞ്ഞു.

1961 ലെ സ്റ്റാഫ് പാറ്റേണിന് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നിട്ടില്ല. പുതിയ നിയമനങ്ങളും ഉണ്ടാകുന്നില്ല. ഇത് പല മെഡിക്കല്‍ കോളജുകളുടേയും അംഗീകാരം തുലാസിലാക്കി. ഡോക്ടര്‍മാരുടെ 2210 തസ്തികകളില്‍ പ്രൊഫസര്‍മാരുടെ 35 ഉം അസോസിയേറ്റ് പ്രൊഫസര്‍മാരുടെ  25ഉം അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ 119 ഉം ലക്ച്ചറര്‍മാരുടെ 235 ഉം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതിന് പരിഹാരം കാണാനാണ് പുതിയ രീതി. ഇതിനായി പി എസ് സിയും സര്‍ക്കാരും ഒരുവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു.

എന്നാല്‍ സെക്രട്ടറിയുടെ ഈ നിലപാട് നിയമന നിരോധനമാണെന്നാണ് യുവ ഡോക്ടര്‍മാരുടെ നിലപാട്. പഠനവും ബോണ്ടും കഴിഞ്ഞിറങ്ങിയവര്‍, കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ കോളജുകളില്‍ പഠിപ്പിക്കുന്നവര്‍, റാങ്ക് പട്ടികയില്‍ നിയമനം പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഇവരുടെ നിയമന പ്രതീക്ഷകളാണ് സര്‍ക്കാര്‍ തകര്‍ക്കുന്നതെന്നാണ് ആക്ഷേപം.

click me!