
വയനാട്: വയനാട്ടില്‍ പാമ്പ്ര എസ്റ്റേറ്റിലെ നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തില്‍ കൂടുതല്‍ നടപടി. ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റം.
ചെതലയം റേഞ്ച് ഓഫീസര്‍ ശശികുമാര്‍ രയരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ എന്‍ ആര്‍ രമേശന്‍, ടി സലീം, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ്ബാബു എന്നിവരെയും 3 ഗാര്‍ഡുമാരെയുമാണ് സസ്പെന്‍റ് ചെയ്തത്. മരം മുറിക്കൊനൊത്താശ ചെയ്തതിന്റെ പേരിലാണ് നടപടി. 3 ക്ലാര്‍ക്കുമാരെ സ്ഥലം മാറ്റി. കെ എം മാണിയുടെ മരുമകന്റെ കുടുംബത്തിന്റെതാണ് എസ്റ്റേറ്റ്. ഏഷ്യാനെറ്റ് ന്യൂസാണ് മരം മുറിയുടെ വിശദാംശങ്ങള്‍ പുറത്ത് കൊണ്ട് വന്നത്.
വയനാട് ചെതലയം ഫോറസ്റ്റ് റേഞ്ചിലാണ് നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് 200 ലേറെ മരങ്ങള്‍ മുറിച്ച് മാറ്റിയത്. രാഷ്ട്രീയ ഇടപെടല്‍ കാരണം 5 വര്‍ഷം നീണ്ട നിയമ നടപടിക്കൊടുവിലാണ് നേരത്തെ പാമ്പ്ര പ്ലാന്റേഷന്‍സിന്റെ ഭാഗമായിരുന്ന ഈ ഭൂമി 2017ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നിക്ഷിപ്ത വനഭൂമിയായി പ്രഖ്യാപിച്ചത്. വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ കൃഷി തുടരാന്‍ അനുമതി കിട്ടിയിരുന്നു. ഇതിന്റെ മറവിലാണ് വനഭൂമിയല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് പാമ്പ്ര കോഫി പ്ലാന്റേഷന്‍സ് സില്‍വര്‍ ഓക്ക് മരങ്ങളടക്കം മുറിച്ചു കടത്താന്‍ ശ്രമിച്ചത്.
ഫോറസ്റ്റ് ട്രിബൂണല്‍ മുമ്പാകെ ഉടമസ്ഥത സംബന്ധിച്ച പുതിയ കേസില്‍ അനുകൂലമായ വിധി സമ്പാദിക്കാനാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ കാടില്ലാതായാല്‍ തോട്ടമാണെന്ന് ചൂണ്ടിക്കാട്ടി ഭൂമി തിരിച്ചു പിടിക്കാനാകും. സംഭവത്തില്‍ മാനേജറടക്കം 3 പേരെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു.
സംഭവത്തില്‍ കെ എം മാണിയുടെ മരുമകന്‍റെ ഉടമസ്ഥതയിലുള്ള പാമ്പ്ര കോഫി പ്ലാന്‍റേഷന്സിനെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിട്ടുണ്ട്. കെ എം മാണിയുടെ ഇളയ മകളുടെ ഭര്‍ത്താവ് രാജേഷിന്റെയും ബന്ധുക്കളുമാണ് പാമ്പ്ര കോഫി പ്ലാന്റേഷന്‍സിന്റെ നടത്തിപ്പുകാര്‍. നേരത്തെ ഭൂമി കൈവശം വച്ചിരുന്ന മാമച്ചന്‍ എന്ന ഐസക് ഫ്രാന്‍സിസാണ് മരം മുറിച്ചതെന്നും രാജേഷിനോ തങ്ങള്‍ക്കോ പങ്കില്ലെന്നും മറ്റു ഉടമകള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം പ്ലാന്റേഷന്റെ റോസ് മരിയ എസ്റ്റേറ്റില്‍ നിന്ന് ചട്ടം ലംഘിച്ച് 170ലേറെ മരങ്ങള്‍ മുറിച്ച് കടത്തിയതിനും ഉടമകള്‍ക്കെതിരെയും കേസെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam