
ബംഗളൂരു: കുട്ടികളുടെ പ്രവേശനം കുറയുന്ന രാജ്യത്തെ 800 ഓളം എന്‍ജിനീയറിങ്ങ് കോളേജുകള്‍ പൂട്ടാന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ തീരുമാനിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എഐസിറ്റിഇ ചെയര്‍മാന്‍ അനില്‍ ദത്താത്രേയ പുതിയ തീരുമാനം വ്യക്തമാക്കിയത്. എഐസിറ്റിഇ യുടെ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത 150 ഓളം കോളേജുകള്‍ എല്ലാവര്‍ഷവും അടച്ച് പൂട്ടാന്‍ അപേക്ഷ നല്‍കാറുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും അഞ്ചുവര്‍ഷത്തിനുള്ളില്‍ 30 ശതമാനത്തില്‍ താഴെ പ്രവേശനം നടന്നതുമായ കോളേജുകള്‍ പൂട്ടണമെന്നാണ് എഐസിറ്റിഇയുടെ പുതിയ ഉത്തരവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 410 കോളേജുകളാണ് അടച്ച്പൂട്ടിയത്. ഇതില്‍ 20 ഓളം കോളേജുകള്‍ കര്‍ണ്ണാടകയിലാണ്.
നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി കോളേജുകള്‍ അടച്ചിരുന്നു. അതിജീവനം സാധ്യമാകാത്ത പല എന്‍ജിനീയറിങ്ങ് കോളേജുകളും ഒന്നുകില്‍ സ്വയം അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളായി മാറ്റുകയോ ആണ് പതിവ്.
കുട്ടികള്‍ പ്രവേശനം തേടി വരാത്തതിന്‍റെ കാരണങ്ങള്‍ പഠിക്കാനും വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് എഐസിറ്റിഇയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി സിലബസ്സില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോളേജുകളോട് എഐസിറ്റി ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ കോളേജുകളില്‍ അദ്ധ്യാപകരായി വരുന്നവര്‍ക്ക് പിഎച്ചഡിയും എംടെക്കും ഉണ്ടെങ്കിലും ജോലി ചെയ്ത് പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗവും. അതുകൊണ്ട് പുതിയാതായി വരുന്ന അദ്ധ്യാപകര്‍ക്ക് ആറുമാസത്തേക്ക് ട്രെയിനിങ്ങ് കൊടുക്കാനാണ് മറ്റൊരു നിര്‍ദ്ദേശം. നിലവില്‍ അദ്ധ്യാപകരായിട്ടുള്ളവര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറ്മാസത്തെ ട്രെയിനിങ്ങിന് നിര്‍ബന്ധമായും പങ്കെടുക്കണം.
അദ്ധ്യാപകര്‍ക്ക് മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ പഠനരീതിയിലും മാറ്റങ്ങള്‍ വരുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് ഏര്‍പ്പെടുത്താനാണ് തീരുമാനം. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്നവര്‍ക്കായിരിക്കും ഇന്‍റേണ്‍ഷിപ്പ്. ക്യാംപസ് പ്ലെയ്സ്മെന്‍റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇന്‍റേണ്‍ഷിപ്പിന് പിറകില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam