ഭഗത് സിംഗിന് നീതി തേടി പാക്കിസ്ഥാനി അഭിഭാഷകന്‍

By Web DeskFirst Published Sep 13, 2017, 11:39 AM IST
Highlights

ലാഹോര്‍: ബ്രിട്ടീഷ് പൊലീസ് ഉദ്ദ്യോഗസ്ഥനെ വധിച്ചതിന്‍റെ പേരില്‍ കോടതി തൂക്കിലേറ്റിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്‍റെ നിരപരാധിത്വം തെളിയിക്കാനായി പാക്കിസ്ഥാനി അഭിഭാഷകന്‍‍. ഭഗത് സിംഗിനെ തൂക്കിലേറ്റിയിട്ട് 86 വര്‍ഷം പൂര്‍ത്തിയാകുമ്പോളാണ് ഇദ്ദേഹത്തിന്‍റെ നിരപരാധിത്വത്തിനായ് അഭിഭാഷകന്‍ കോടതി കയറുന്നത്. ലാഹോര്‍ കോടതിയില്‍ തന്‍റെ വാദം കേള്‍ക്കാനായി അഭിഭാഷകന്‍ ഇംത്യാസ് റഷീദ് ഖുറേഷി അപേക്ഷ സമര്‍പ്പിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായ് ഭഗത് സിംഗ് പോരാടുക മാത്രമാണ് ചെയ്തതെന്നാണ് ഇംത്യാസ് കോടതിയല്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ഭഗത് സിംഗിന് നല്‍കിയ വധശിക്ഷ റദ്ദാക്കുകയും അദ്ദേഹത്തെ ആദരിച്ച് കൊണ്ട് രാജ്യം ബഹുമതി നല്‍കണമെന്നുമാണ് ഈ അഭിഭാഷകന്‍റെ ആവശ്യം. 

ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ട ലാഹോറിലെ ഷദ്മാന്‍ ചൗക്കില്‍ ഭഗത് സിംഗിന്‍റെ പ്രതിമ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഗവര്‍ണ്‍മെന്‍റിന് ഇംത്യാസ് കത്തയച്ചിട്ടുണ്ട്. പഞ്ചാബി ഭാഷ സംസാരിക്കുന്ന ലാഹോറിലെ പല പാക്കിസ്ഥാനികളും ഭഗത് സിംഗിനെ വീരപുരുഷനായിട്ടാണ് ഇന്നും കാണുന്നത്.

ബ്രിട്ടീഷ് പൊലീസ് ഓഫീസറായ ജോണ്‍ പി സോണ്‍ണ്ടേര്‍സിനെ വധിച്ചതിന് 23 മത്തെ വയസ്സിലാണ് ഭഗത് സിംഗ് തൂക്കിലേറ്റപ്പെടുന്നത്. എന്നാല്‍ പൊലീസ് ഉദ്ദ്യോഗസ്ഥന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പേരില്ലാത്ത രണ്ട് അംഗരക്ഷകര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ ചുമത്തിയിരിക്കുന്നതെന്നും എഫ് ഐ ആറില്‍ ഭഗത് സിംഗിന്‍റെ പേരുപോലുമില്ലെന്നും ഇംത്യാസ് പറയുന്നു.

ഉറുദുവില്‍ എഴുതിയിരിക്കുന്ന 1928 ലെ എഫ് ഐ ആര്‍ ലാഹോര്‍ പോലീസിന് ലഭിച്ചിരുന്നു. കേസില്‍ സാക്ഷികളായ 450 പേരുടെ വാദം കേള്‍ക്കാതെയാണ് ഭഗത് സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും ഇംത്യാസ് പറയുന്നു. 

click me!