
ആലപ്പുഴ: പ്രായം വെറും അക്കം മാത്രമാണ് - കേട്ടും പറഞ്ഞു പഴകിപ്പോയൊരു വാചകമാണെങ്കിലും ചില ജീവിതങ്ങൾ കാണുമ്പോൾ ഈ വാചകം പിന്നെയും ഓർമ്മവരും. അങ്ങനെയൊരു ജീവിതമാണ് ആലപ്പുഴ ചേപ്പാട് ഗ്രാമപഞ്ചായത്തിലെ കാർത്യായനി അമ്മയുടേത്. മക്കളും കൊച്ചു മക്കളും അവരുടെ മക്കളുമുള്ള കാർത്യായനി അമ്മയ്ക്ക് പ്രായം 96. വാർദ്ധക്യത്തിന്റേതായ ചില ചെറിയ പ്രശ്നങ്ങളുണ്ടെന്നതൊഴിച്ചാൽ കാർത്യായനി അമ്മ ഉഷാറാണ്. എന്നാൽ ഇതൊന്നുമല്ല കാർത്യായനി അമ്മയെ താരമാക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയാണ് തൊണ്ണൂറ്റേഴിലേക്ക് കാലെടുത്തു വയ്ക്കുന്ന കാർത്യായനി അമ്മ.
ഈ പ്രായത്തിലും പഠിക്കാൻ പോകുന്നതെന്തിനാണെന്ന് മുഖം ചുളിക്കേണ്ട. പത്താം ക്ലാസ്സ് വരെ പഠിക്കണമെന്ന് കാർത്യായനി അമ്മ തീരുമാനിച്ചു കഴിഞ്ഞു. ചേപ്പാട് ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ മിഷൻ പ്രോഗ്രാമിലൂടെയാണ് കാർത്യായനി അമ്മ അക്ഷരം പഠിച്ചു തുടങ്ങിയത്. രണ്ട് വർഷം മുമ്പ് അറുപത് വയസ്സുള്ള മകൾ അമ്മിണിയെ ഗ്രാമപഞ്ചായത്തിന്റെ സാക്ഷരതാ ക്ലാസ്സിൽ പറഞ്ഞയച്ചിരുന്നത് കാർത്യായനി അമ്മയായിരുന്നു. എല്ലാ ഞായറാഴ്ചകളിലുമായിരുന്നു ക്ലാസ്സ്. അക്ഷരാഭ്യാസമില്ലാതിരുന്ന പലരും സാക്ഷരതാ കോഴ്സ് പൂർത്തിയാക്കി സാക്ഷരരാകുന്നത് കണ്ടപ്പോൾ കാർത്യായനി അമ്മയ്ക്കും ഒരാഗ്രഹം. അങ്ങനെയാണ് ക്ലാസിൽ ചേരാൻ തീരുമാനിച്ചത്. അങ്ങനെ കാർത്യായനി അമ്മ തൊണ്ണൂറ്റാറാമത്തെ വയസ്സിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിനിയായി. ജില്ലയിലെ ചേപ്പാട് വില്ലേജിൽ മുട്ടം എന്ന ഗ്രാമത്തിലാണ് ഈ മുത്തശ്ശിയുടെ വീട്.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന അക്ഷരലക്ഷം എന്ന പരിപാടിയിലൂടെയാണ് കാർത്യായനി അമ്മയെ കണ്ടെത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. ഗ്രാമപഞ്ചായത്ത് നൂറ് ശതമാനം സാക്ഷരത കൈവരിക്കുന്നതിനുള്ള പരിപാടിയുടെ ഭാഗമായിരുന്നു ഇത്. പഠിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതോടെ പഞ്ചായത്തിൽ പ്രേരകായി ജോലി ചെയ്യുന്ന സതി ഈ ദൗത്യം ഏറ്റെടുത്തു. പ്രൈമറി ലെവൽ ക്ലാസ്സിൽ കാർത്യായനി അമ്മയുടേയും പേര് ചേർത്തു. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുള്ളത് കൊണ്ട് വീട്ടിൽ വന്ന് പഠിപ്പിക്കാൻ ലേഖ രാജു എന്ന അധ്യാപികയെയും ഏർപ്പെടുത്തി. ആഴ്ചയിൽ അഞ്ചു ദിവസം അധ്യാപിക വീട്ടിൽ വരും. പ്രായത്തെ വെല്ലുന്ന വേഗത്തിൽ തന്ന അക്ഷരങ്ങളെല്ലാം മനപാഠമാക്കി. അത്യാവശ്യം അക്ഷരങ്ങളും കണക്കും പട്ടികയും ഒക്കെ പഠിച്ചു കഴിഞ്ഞു. ഗുണനപ്പട്ടികയും അധികപ്പട്ടികയും ഒരു തെറ്റും വരുത്താതെ ഈണത്തിൽ തന്നെ കാർത്യായനി അമ്മ പൂർത്തിയാക്കും. നാലാം ക്ലാസിലായിട്ട് വേണം ഇംഗ്ലീഷ് കൂടി പഠിക്കാൻ. അടുത്ത വർഷം കാർത്യായനി അമ്മ നാലാം ക്ലാസിലേക്കാണ്.
അഞ്ചാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് ചെറുമക്കളുണ്ട് കാർത്യായനി അമ്മയ്ക്ക്. പഠനത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവരോടിയെത്തുമെന്ന് കാർത്യായനി അമ്മ പറയുന്നു. നല്ല അസ്സലായി പാട്ട് പാടുകയും ചെയ്യും ഈ മുത്തശ്ശി.
വീടിനടുത്തുള്ള അമ്പലങ്ങളിൽ ചെറിയ ജോലികൾ ചെയ്യാനും കാർത്യായനി അമ്മ പോകാറുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചയച്ചത് കൊണ്ട് പഠിക്കാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്ന ഒരു സാഹചര്യം ഒത്തുവന്നപ്പോൾ അത് പ്രയോജനപ്പെടുത്തുന്നതിൽ മാത്രമാണ് കാർത്യായനി അമ്മയുടെ ശ്രദ്ധ.
പന്ത്രണ്ടാമത്തെ വയസ്സുമുതൽ കാർത്യായനി അമ്മയും സഹോദരിമാരും വീടിന് സമീപത്തുള്ള അമ്പലങ്ങളിൽ ജോലി ചെയ്തു തുടങ്ങി. കൃത്യം പതിനെട്ട് വയസ്സായപ്പോൾ വിവാഹവും കഴിഞ്ഞു, ആറ് മക്കളുമായി. ഏറ്റവും ഇളയ കുഞ്ഞിന് 28 ദിവസം പ്രായമുള്ളപ്പോൾ ഭർത്താവ് മരിച്ചു. പിന്നീട് കുടുംബം പുലർത്താനുള്ള നെട്ടോട്ടത്തിനിടയിൽ പഠനെത്തെക്കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല എന്ന് കാർത്യായനി അമ്മ പറയുന്നു. ദശാബ്ദങ്ങൾക്ക് ശേഷമാണ് പഠിക്കാൻ ഒരു സാഹചര്യം കിട്ടിയത്. സാക്ഷരതാ മിഷനോടാണ് കാർത്യായനി അമ്മ നന്ദി പറയുന്നത്.
മുത്തശ്ശിയുടെ സ്വപ്നം പൂർത്തിയാക്കാൻ മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടംബം പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. അമ്മയ്ക്ക് ബുക്കും പുസ്തകങ്ങളും പേനയും പെൻസിലും തുടങ്ങി പഠനോപകരണങ്ങൾ എല്ലാം വാങ്ങി നൽകുന്നത് പെൺമക്കളാണ്. മാത്രമല്ല തൊട്ടടുത്ത വീട്ടിൽ കാർത്യായനി അമ്മയ്ക്ക് ഒരു സഹപാഠിയുമുണ്ട്. മുത്തശ്ശിയെ കണ്ട് പഠിക്കുന്ന മറ്റ് മുത്തശ്ശിമാരാണ് ചേപ്പാട് ഗ്രാമപഞ്ചായത്തിലെ ഇപ്പോഴത്തെ കാഴ്ച. വാർദ്ധക്യത്തിലെത്തിയ ഏകദേശം 30 മുത്തശ്ശിമാർ ഇപ്പോൾ സാക്ഷരതാ ക്ലാസ്സിൽ പോകുന്നുണ്ട്. ഇവരുടെയെല്ലാം റോൾ മോഡൽ കാർത്യായനി അമ്മയാണ്. ഇനി പത്താം ക്ലാസ്സ് പരീക്ഷയും കൂടി എഴുതിയാലേ തന്റെ സ്വപ്നം പൂർത്തിയാകൂ എന്ന് മുത്തശ്ശി അടിവരയിട്ട് പറയുന്നു. പ്രായം ചുളിവ് വീഴ്ത്തിയത് ശരീരത്തിൽ മാത്രമാണ്. എന്നാൽ പഠിക്കാനുള്ള ആഗ്രഹത്തിൽ ചുളിവ് വീഴ്ത്താൻ പ്രായത്തിന് കഴിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ചേപ്പാട് ഗ്രാമത്തിലെ കാർത്യായനി അമ്മ.
കടപ്പാട്: ദ് ന്യൂസ് മിനിറ്റ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam