ജാതീയമായ അംഗത്വ ക്യാമ്പയിന് സിപിഎം സംസ്ഥാന സമ്മേളത്തില്‍ ആഹ്വാനം

By വത്സന്‍ രാമംകുളത്ത്First Published Feb 24, 2018, 12:32 PM IST
Highlights

തൃശൂര്‍: പാര്‍ട്ടി അടിത്തറ ഭദ്രമാക്കാന്‍ ജാതീയമായ അംഗത്വ ക്യാമ്പയിന് സിപിഎം ആഹ്വാനം. ജാതി അടിസ്ഥാനമാക്കി തീവ്രവാദി സംഘടനകളും ആര്‍എസ്എസും സംഘടനാ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് ന്യായീകരണം. സംസ്ഥാന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് അംഗത്വം സംബന്ധിച്ച വിവരണം.

പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 24 ശതമാനം വരുന്ന മുസ്ലീം മതന്യൂനപക്ഷവും ഏതാണ്ട് 19 ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍ മതന്യൂനപക്ഷവും സംസ്ഥാന രാഷ്ട്രീയ സാമൂഹ്യ ഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായാണ് വിലയിരുത്തല്‍. ഈ വിഭാഗത്തില്‍ നിന്നും കൂടുതല്‍ കേഡര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആഹ്വാനം ചെയ്യുന്നു. ഹിന്ദുത്വ വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടണമെന്നാവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ഐഎസിന്റെ നേതൃത്വത്തില്‍ മുസ്ലീം വര്‍ഗ്ഗിയത സംസ്ഥാനത്ത് ശക്തിപ്പെടുന്നതില്‍ ആശങ്കപ്പെടുന്നു. ഹിന്ദുത്വ വര്‍ഗ്ഗീയയോട് പോരാടുന്നതില്‍ വലിയ വിജയം കൈവരിക്കാന്‍ കഴിഞ്ഞു എന്നവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ പോലും ഇല്ലായ്മ ചെയ്യാന്‍ പോരാട്ടം തുടരണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

മത്സ്യതൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, പ്രവാസികള്‍ തുടങ്ങി പാര്‍ശവത്കൃത ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളിലും നല്ല ഇടപെടലുകളുണ്ടാവണം. നഗരവത്കരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ വിഷയങ്ങള്‍ ഏറ്റെടുക്കുക വഴി ഇടത്തരം ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ദരിദ്ര കര്‍ഷകരുടെ എണ്ണം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് കുറവായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിന്നുണ്ട്. 6.26 ശതമാനമാണ് ആകെ ദരിദ്രകര്‍ഷകരായി പാര്‍ട്ടി അംഗത്വത്തിലുള്ളൂ. ഇടത്തരം കര്‍ഷകരുടെ എണ്ണത്തില്‍ 222 പേരുടെ കുറവ് ആലപ്പുഴ സമ്മേളനത്തിലെ അവലോകനത്തില്‍ കണ്ടെത്തിയിരുന്നു. തൃശൂരിലെത്തിയപ്പോള്‍ അതില്‍ 1549 പേരുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

2014 ല്‍ സമ്മേളനം നടക്കുമ്പോള്‍ 3,61,680 പൂര്‍ണ അംഗങ്ങളും 43,911 കാന്‍ഡിഡേറ്റ് അംഗങ്ങളും ഉള്‍പ്പടെ 4,05,591 മെമ്പര്‍മാരായിരുന്നു. 2017 ല്‍ 4,03,638 പൂര്‍ണ അംഗങ്ങളും 59,834 കാന്‍ഡിഡേറ്റ് അംഗങ്ങളും അടക്കം 4,63,472 മെമ്പര്‍മാരായി. മൂന്ന് വര്‍ഷത്തിനിടെ ആകെ 57,881 അംഗങ്ങളുടെ വര്‍ദ്ധനവുണ്ടായി. അതേസമയം, 2017 ല്‍ മാത്രം 27 ശതമാനം അംഗങ്ങളുടെ കൊഴിഞ്ഞുപോക്കുണ്ടായി. 2014 ല്‍ 8.19 ശതമാനവും 2015 ല്‍ 6.94 ശതമാനവും 2016 ല്‍ 21.10 ശതമാനവും അംഗങ്ങളാണ് കൊഴിഞ്ഞുപോയത്. പുതുതായി എത്തുന്ന അംഗങ്ങളില്‍ നല്ലൊരു ശതമാനവും കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നു വര്‍ഷത്തിനിടെ അംഗങ്ങളിലുണ്ടായ കൊഴിഞ്ഞ് പോക്ക് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍.  

ആകെ അംഗങ്ങളില്‍ 79,757 പേര്‍ സ്ത്രീ അംഗങ്ങളാണ്. പാര്‍ട്ടിയില്‍ 25 ശതമാനം പ്രാതിനിത്യം വനിതകള്‍ക്ക് നല്‍കണം. നിലവില്‍ 17 ശതമാനമാണ് വനിതാ പ്രാതിനിത്യം. 32,967 ബ്രാഞ്ചുകളാണ് സിപിഎമ്മിന് സംസ്ഥാനത്തുള്ളത്. റിപ്പോര്‍ട്ട് കാലയളവില്‍ 3126 പുതിയ ബ്രാഞ്ചുകള്‍ രൂപീകരിച്ചു. നിലവില്‍ 2163 ലോക്കല്‍ കമ്മിറ്റികളും 209 ഏരിയാകമ്മിറ്റികളും സംസ്ഥാനത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 

click me!