ബ്ലേഡ് മാഫിയ: ദമ്പതികളെ വീട്ടിൽകയറി മര്‍ദ്ദിച്ചതായി പരാതി

By Web DeskFirst Published Mar 24, 2018, 11:21 PM IST
Highlights
  • ദമ്പതികളെ വീട്ടിൽകയറി ആക്രമിച്ചു
  • പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ആരോപണം
  • വീടിന് നേരെയും ആക്രമണം

കോഴിക്കോട്: നരിക്കുനിയിൽ ബ്ലേഡ് മാഫിയ സംഘം ദമ്പതികളെ വീട്ടിൽകയറി മര്‍ദ്ദിച്ചതായി പരാതി. വ്യാജ ആധാരം നിർമ്മിച്ച് വീടും സ്ഥലവും തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായും ഇവര്‍  ആരോപിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് 3 അംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതെന്ന് വിജയൻ നായരും ഭാര്യ ശോഭയും പറയുന്നു. അടുക്കള അടിച്ചുതകർത്തെന്നും പലവ്യജ്ഞനങ്ങളും പാകം ചെയ്ത ഭക്ഷണവും നശിപ്പിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞുവെന്നും പാത്രങ്ങളും ഗൃഹോപകരണങ്ങളും സംഘം കടത്തികൊണ്ടുപോയെന്നും വിജയൻ നായർ പറയുന്നു.

2005 ൽ വിജയൻ നായർ ഒരു സുഹൃത്തിൽ നിന്നും പണം കടം വാങ്ങിയിരുന്നു.ഈ സമയത്ത് ഏതാനും മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് നല്‍കിയിരുന്നുവെന്ന് ഇയാൾ പറയുന്നു. പിന്നീട് സുഹൃത്ത് ഇത് ബ്ലേഡ് മാഫിയക്ക് കൈമാറിയെന്നും വ്യാജ ആധാരം ഉണ്ടാക്കി വീടും സ്ഥലവും തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും വിജയൻ നായർ പറയുന്നു.ഇതിന്റെ ഭാഗമായാണ് വീട് ആക്രമിച്ചതെന്നാണ് ആരോപണം.എന്നാൽ പരാതിയിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നാണ്  കൊടുവള്ളി പൊലീസിന്‍റെ പ്രതികരണം.

click me!