കെട്ടു നാറിയ കർട്ടൻ മാറ്റുന്നത് തെറ്റാണോ, മനസ് മടുക്കുന്നെന്ന് എ.കെ.ബാലൻ

By Web DeskFirst Published Mar 20, 2018, 8:33 PM IST
Highlights
  • മാധ്യമങ്ങള്‍ വീട് അറ്റകുറ്റപ്പണിയും കർട്ടൻ മാറ്റുന്നതും ധൂർത്തായി ചിത്രീകരിക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ചെലവുകള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച് മന്ത്രി എ കെ ബാലന്‍. മാധ്യമങ്ങള്‍ വീട് അറ്റകുറ്റപ്പണിയും കർട്ടൻ മാറ്റുന്നതും ധൂർത്തായി ചിത്രീകരിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. അഞ്ചു കൊല്ലമായി കെട്ടു നാറിയ കർട്ടൻ മാറ്റുന്നത് തെറ്റാണോയെന്ന് എ കെ ബാലന്‍ ചോദിക്കുന്നു. നിയമസഭ അംഗങ്ങൾക്ക് അധിക വരുമാനമുണ്ടാക്കുന്നുണ്ടോയെന്ന് സോഷ്യൽ ഓഡിറ്റിന് തയ്യാറാണെന്ന് എ കെ ബാലന്‍ പറയുന്നു.കാശുള്ളവർ മാത്രം മത്സരിച്ചാൽ മതിയെന്ന ചിന്താഗതിയാണ് ചിലർക്കുള്ളതെന്നും ഒരു ലക്ഷം പെൻഷൻ വാങ്ങുന്നവനാണ് മാധ്യമങ്ങളിലിരുന്ന് കുറ്റം പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ കേട്ടു മനസ് മടുക്കുകയാണന്നും മന്ത്രി പറഞ്ഞു. 

നേരത്തെ സാമ്പത്തിക പ്രതിസന്ദിയില്‍ ഉഴറുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങളെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാന്‍ മാത്രം ചെലവാക്കിയത് രണ്ട് ലക്ഷത്തിലധികം രൂപയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സർക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമന്ദിരങ്ങളില്‍ പുതിയ കർട്ടനിട്ടപ്പോള്‍ ഖജനാവില്‍ നിന്ന് പോയത് എട്ടരലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. 

ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ഔദ്യോഗിക വസതിയായ അശോകയിലെ കര്‍ട്ടന്‍ മാറ്റിയത് 1,51,972 രൂപ ചെലവിട്ടാണ്. മുൻ മന്ത്രി തോമസ് ചാണ്ടി പുതിയ കര്‍ട്ടിനിട്ടത് 1,23,828 രൂപയ്ക്ക് . കണ്ണട വിവാദത്തില്‍ പെട്ട ആരോഗ്യമന്ത്രി നിള ബംഗ്ലാവിലെ ക‍ർട്ടൻ മാറ്റിയത് 75516 രൂപ ചെലവഴിച്ചാണ് . മുണ്ട് മുറുക്കാൻ ആവശ്യപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനുവേണ്ടി ചെലവാക്കിയത് 25946 രൂപ. മന്ത്രിമാരുടെ ചികിൽസയ്ക്ക് ചെലവഴിച്ചതും വന്‍ തുകയാണ്. കടകംപള്ളി സുരേന്ദ്രന് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ്  ഇനത്തില്‍ ചെലവിട്ടത് 4,82367 രൂപയാമ്. ഈ ഇനത്തില്‍ ധനമന്ത്രി കൈപ്പറ്റിയത് 300823 രൂപയുമായിരുന്നു. 
 

click me!