
തിരുവനന്തപുരം: കുറ്റവിമുക്തനായതോടെ എകെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് ഉടൻ മടങ്ങിയെത്തും. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് എൻസിപി സംസ്ഥാന പ്രസിഡണ്ട് ടി.പി. പീതാംബരൻ അറിയിച്ചു. എൽഡിഎഫിൽ കാര്യങ്ങൾ ശശീന്ദ്രന് അനുകൂലമായിരിക്കെ തിരിച്ചുവരവിന്റെ ധാർമ്മിക പ്രശ്നമാണ് യുഡിഎഫ് ഉയർത്തുന്നത്.
രാജിവച്ച് പത്ത് മാസം പിന്നിടുമ്പോഴാണ് പിണറായി മന്ത്രി സഭയിലേക്കുള്ള ശശീന്ദ്രന്റെ രണ്ടാം ഇന്നിംഗിസിന് കളമൊരുങ്ങുന്നത്. പകരക്കാരനായി തോമസ് ചാണ്ടി വന്നെങ്കിലും കായൽക്കയ്യേറ്റ വിവാദത്തിൽ പെട്ട് ആറു മാസത്തിനുള്ളിൽ പടിയിറങ്ങി.
സ്വതന്ത്ര എംഎൽഎമാരെ പാർട്ടിയിലെത്തിച്ച് മന്ത്രിയാക്കാനുള്ള നീക്കമടക്കം എൻസിപി കലങ്ങിമറിയുന്നതിനിടെയാണ് ഫോൺവിളി കേസ് തീർപ്പായത്.
ആരുടെ കേസ് ആദ്യം തീരുന്നുവോ അവരെ മന്ത്രിയാക്കാമെന്ന എൻസിപി നേതൃത്വത്തിന്റെ വാഗ്ദാനത്തിന് എൽഡിഎഫിന്റെ പിന്തുണ കൂടിയുണ്ട്.
ഗതാഗതവകുപ്പ് അധികകാലം കൈവശം വെക്കാൻ മുഖ്യമന്ത്രിക്കും താല്പര്യമില്ല. എൻസിപി ആവശ്യം മുന്നോട്ട് വെച്ചാൽ എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കൺവീനർ പറഞ്ഞു. ചാണ്ടിയുടെ മടക്കത്തെക്കാൾ സിപിഐ അടക്കമുള്ള കക്ഷികൾക്കും താല്പര്യം ശശീന്ദ്രനെ.
കാര്യങ്ങളെല്ലാം ശശീന്ദ്രന് അനുകൂലമാകുമ്പോൾ യുഡിഎഫ് ധാർമ്മിക പ്രശ്നമാണ് ഉന്നയിക്കുന്നത്. മടങ്ങിവരാൻ ധാർമ്മിക അവകാശമുണ്ടോയെന്ന് എൽഡിഎഫ് തീരുമാനിക്കട്ടെയ്ന്ന് പിപി തങ്കച്ചൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam