ലാന്‍ഡിംഗ് ഗിയറിന്‍റെ പിന്‍ എടുത്തുമാറ്റാന്‍ മറന്നു; ഒഴിവായത് വന്‍വിമാനദുരന്തം

By Web DeskFirst Published Feb 28, 2017, 12:23 PM IST
Highlights

ന്യൂഡല്‍ഹി: ലാന്‍ഡിംഗ് ഗിയറിന്‍റെ പിന്ന് എടുത്തു മാറ്റാന്‍ മറന്നതിനെത്തുടര്‍ന്ന് ഡല്‍ഹി - കൊച്ചി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പൈലറ്റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തത്തിലായിരുന്നു സംഭവം.

ന്യൂഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനം റണ്‍വേയിലായിരിക്കുന്പോള്‍ ചക്രങ്ങള്‍ അകത്തേക്ക് പോകാതിരിക്കാനും റണ്‍വേയില്‍ നിന്ന് തെന്നിമാറാതിരിക്കാനും ചക്രത്തില്‍ ഘടിപ്പിക്കുന്ന സംവിധാനമാണ് ലാന്‍ഡിംഗ് പിന്‍. ഇതാണ് ടേക്ക് ഓഫ് സമയത്ത് എടുത്തുമാറ്റാന്‍ എഞ്ചിനിയര്‍മാര്‍ മറന്നത്.

റണ്‍വേയില്‍ നിന്ന ഉയര്‍ന്ന വിമാനം വായുവില്‍ എത്തിയിട്ടും ചക്രങ്ങള്‍ അകത്തേക്ക് പോകതായതോടെ അപകടം മനസ്സിലാക്കിയ പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനം പരിശോധിച്ചപ്പോഴാണ് ലാന്‍ഡിംഗ് ഗിയറിന്‍റെ പിന്നെടുക്കാന്‍ വിട്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. ഗുരുതരമായ അനാസ്ഥവരുത്തിയ രണ്ട് എന്‍ജിനീയര്‍മാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‍പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

click me!