
കോഴിക്കോട് : രക്തസാക്ഷികള്‍, നാടിന് വേണ്ടി പൊരുതി മരിക്കുന്നവരാണ്. അത്തരത്തില്‍ പൊരുതിമരിച്ച രക്തസാക്ഷിയാണ് ലിനി എന്ന മുപ്പത്തിയൊന്നുകാരി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ് ലിനി. ബന്ധുക്കള്‍ക്ക് പോലും നല്‍കാതെയാണ് നിപ്പാ വൈറസ് ബാധയില്‍ ജീവന്‍ വെടിഞ്ഞ നേഴ്സ് ലിനയുടെ ശരീരം സംസ്കരിച്ചത്. ചികിത്സ തേടിയെത്തുന്നവരോട് ഒരിക്കലും മുഖം തിരിക്കാറില്ലാത്ത രോഗിയുടെ സുഖപ്പെടലിന് വേണ്ടിമാത്രം തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ നിപ്പാ വൈറസ് കവർന്നെടുത്ത ഈ നേഴ്സിന്‍റെ വേര്‍പാടില്‍ ദു:ഖിക്കുകയാണ് കേരളം ഇപ്പോള്‍.
എന്നാല്‍ ലിനയുടെ മരണം ഇപ്പോഴും അറിയാത്ത രണ്ടുപേരുണ്ട്, ലിനിയുടെ രണ്ട് ആണ്‍മക്കള്‍. അമ്മയുടെ വേര്‍പാട് അറിയാതെ അത് അറിഞ്ഞ് വീട്ടിലെത്തുന്ന ആളുകളെ കണ്ട് ഓടിക്കളിയ്ക്കുകയാണ് ലിനിയുടെ രണ്ട് മക്കള്‍. ഇടയ്ക്ക് വീട്ടിലുള്ളവരോട് അമ്മയെ തിരക്കും. അമ്മ ആശുപത്രീന്ന് എപ്പോഴാണ് വരികാ എന്നാണ് അവര്‍ ചോദിക്കുന്നത്. വീണ്ടും മുറ്റത്തേക്ക് ഓടിയിറങ്ങും. അഞ്ച് വയസുകാരനായ മുത്തമകനെ അച്ഛന്‍ ചേര്‍ത്ത് പിടിച്ച് കരഞ്ഞപ്പോള്‍ അവന്‍ വീണ്ടും ചോദിച്ചു. അമ്മയ്‌ക്കെന്താ പറ്റിയതെന്ന്.
ഭാര്യയുടെ രോഗ വിവരമറിഞ്ഞ് ബഹ്റിനിലായിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പനി മൂര്‍ച്ഛിച്ച് വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞിരുന്നു, മനാമയില്‍ അക്കൗണ്ടന്‍റായിരുന്ന ഭര്‍ത്താവിനെ ബന്ധുക്കള്‍ നാട്ടിലെത്തിക്കുന്നത്. എന്നാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ലിനിയുടെ നില വഷളായി വരുകയായിരുന്നു. ഏതോ വൈറസ് ആണെന്ന അധികൃതര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതിനാല്‍ ആരേയും വെന്റിലേറ്ററിലേക്ക് കയറ്റിയിരുന്നുമില്ല.
ഒരുതവണമാത്രം വെന്റിലേറ്ററില്‍ കിടക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാന്‍ ഭര്‍ത്താവിന് അവസരം ലഭിച്ചിരുന്നു.ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു, ലിനിയുടെ വിവാഹം. 2012 മെയ് 26 നായിരുന്നു ലിനിയുടെ വിവാഹം. നിപ്പ വൈറസ് ബാധ ഒരു പ്രദേശത്താകമാനം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം അരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട് തന്നെ ചിതയൊരുക്കുകയായിരുന്നു. ഭര്‍ത്താവിനോടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഉടന്‍തന്നെ ഭര്‍ത്താവ് എല്ലാം അംഗീകരിച്ചു. അപ്പോഴും അമ്മയ്ക്ക് എന്ത് പറ്റിയെന്ന് ചോദിക്കുന്ന മക്കളോട് എന്ത് പറയുമെന്ന് അറിയാതെ ഇരിക്കുകയാണ് ഈ ഭര്‍ത്താവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam