ദളിത് സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ആ ക്ഷേത്രത്തില്‍ ഒടുവില്‍ പുരുഷന്മാരെത്തി

By Web DeskFirst Published Apr 23, 2018, 10:35 AM IST
Highlights
  • സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രത്തില്‍ പുരുഷന്മാര്‍

ഭുവനേശ്വര്‍: ദളിത് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനകള്‍ക്ക് മാത്രമായി ഒരു അമ്പലമുണ്ടായിരുന്നു ഒഡീഷയില്‍. നാനൂറ് വര്‍ഷങ്ങളായി ആ അമ്പലത്തില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നാല് നൂറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യമായി പുരുഷന്മാര്‍ പ്രവേശിച്ചു മാ പ‌ഞ്ചുഭാരതി ക്ഷേത്രത്തില്‍. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് പഞ്ചുഭാരപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

1000 ല്‍ കൂടുതല്‍ മനുഷ്യവാസമില്ലാത്ത ചെറിയ ഗ്രാമമായ സതഭായയിലാണ് ഈ അമ്പലമുള്ളത്. ഏപ്രില്‍ 20 ന് ക്ഷേത്രത്തിലെ വനിതാ പൂജാരികള്‍ ഒരു ദിവസം അഞ്ച് പുരുഷന്മാരെ  പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഇവര്‍ പുരുഷനമ്മാരെ പ്രവേശിക്കാന്‍ അനുവദിച്ചത്. 1.5 ടണ്‍ ആണ് ക്ഷേത്രത്തിലെ അ‍ഞ്ച് വിഗ്രഹങ്ങളുടെ ഭാരം. പൂജാരികള്‍ക്ക് ഇത് പുറത്തെടുക്കാന്‍ സാധിക്കുമായിരുന്നില്ല.  

ആഗോളതാപനവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും കാരണം പഞ്ചുഭാരതി ക്ഷേത്രം നശിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാല്‍ ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റാനാണ് തീരുമാനം.  കടലിനോട് അഭിമുഖമായാണ് സതഭായയില്‍ ഈ ക്ഷേത്രമുള്ളത്. 

ഇന്ത്യയിലെ മറ്റ് എല്ലാ ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായി അഞ്ച് ദളിത് സ്ത്രീകളാണ് പഞ്ചുഭാരതിയിലെ പൂജകള്‍ ചെയ്യുന്നത്.  വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ക്ഷേത്രം വൃത്തിയാക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും നോക്കുന്നത്. നാനൂറ് വര്‍ഷങ്ങളായി ഇത് മാറ്റമില്ലാതെ തുടരുകയായിരുന്നു. 

പ്രദേശത്തുനിന്ന് 12 കിലോമീറ്റര്‍ അകലെയായാണ് ഇപ്പോള്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നത്. മാറ്റി സ്ഥാപിച്ച വിഗ്രഹങ്ങള്‍ പിന്നീട് പൂജാരികള്‍ ശുദ്ധീകരിച്ചു.   പ‌ഞ്ചുഭാരതി ദേവി തങ്ങളെ എല്ലാ അത്യാഹിതങ്ങളില്‍നിന്നും രക്ഷിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. 

click me!