
എറണാകുളം: അങ്കമാലിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ച് മൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെയും അമ്മയെയും വിട്ടയച്ചു. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകം അല്ലെന്ന് സൂചന കിട്ടിയതിനെ തുടർന്നാണിത്.
സേലം സ്വദേശികളായ മണികണ്ഠൻറെയും സുധയുടെയും മൂന്നു മാസം പ്രായമായ കുഞ്ഞിനെയാണ് അങ്കമാലി സിഐ ഓഫീസിന് സമീപം കഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമല്ലെന്നാണ് പൊലീസിൻറെ നിഗമനം. മൃതദേഹത്തിൽ അകത്തും പുറത്തും മുറിവുകളൊന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉപദ്രവിച്ചതിൻറെ ലക്ഷണങ്ങളുമില്ലായിരുന്നു.
വിഷമത്തിൻറെ സാന്നിധ്യവുമില്ല. ബലം പ്രയോഗിച്ചതിൻറെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ മുലപ്പാൽ ശിരസ്സിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം. ജനിക്കുമ്പോൾ കുഞ്ഞിന് തൂക്കം കുറവായിരുന്നു. ഇതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ സാമ്പിൾ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഇതിൻറെ ഫലം വന്നാലേ മരണകാരണം കൃത്യമായി അറിയാൻ കഴിയുകയുള്ളൂ. നാടോടികളായ ഇവർ കുട്ടകൾ മരിച്ചാൽ സമീപത്തെവിടെയെങ്കിലും മറവു ചെയ്യുകയാണ് പതിവ്. ഓഫീസിനടുത്ത് കാടു പിടിച്ചു കിടന്നിരുന്ന സ്ഥലമായതിനാണ് സിഐ ഓഫീസ് കോമ്പൗണ്ടിൽ കുഴിച്ചിട്ടതെന്നാണ് പിതാവ് മൊഴി നൽകിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന നിബന്ധനയിലാണ് ഇരുവരെയും വിട്ടയച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam