നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

By Web DeskFirst Published Mar 7, 2018, 5:06 PM IST
Highlights
  • നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല
  • സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • ആധാര്‍ ബന്ധിപ്പിക്കൽ സമയപരിധി നീട്ടാമെന്ന് കേന്ദ്രം

ദില്ലി: നീറ്റ് ഉൾപ്പടെയുള്ള പൊതുപരീക്ഷകൾക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മൊബൈൽ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 എന്നത് ആവശ്യമെങ്കിൽ നീട്ടാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിൽ വാദം കേൾക്കൽ നാളെയും തുടരും.

നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകൾക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങൾ ചോദ്യം ചെയ്തുള്ള അപേക്ഷകൾ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പൊതുപരീക്ഷകൾക്ക് ആധാര്‍ അല്ലാത്ത മറ്റ് രേഖകൾ ഹാജരാക്കിയാൽ മതിയെന്ന് കോടതി പറ‍ഞ്ഞു.

പൊതുപരീക്ഷകൾക്ക് ആധാര്‍ നിര്‍ബന്ധമാക്കാൻ സര്‍ക്കാര്‍  നിര്‍ദ്ദേശം നൽകിയിട്ടില്ലെന്നായിരുന്നു അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചത്. ആധാര്‍ ബാങ്ക് അക്കൗണ്ടുമായും മൊബൈൽ നമ്പരുമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതിയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത നൽകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ബാങ്ക് അക്കൗണ്ടുമായും മൊബൈൽ നമ്പരുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി രണ്ടുതവണ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസിൽ തീരുമാനമായില്ലെങ്കിൽ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 എന്ന സമയപരിധി നീട്ടാൻ കേന്ദ്രം തയ്യാറാണെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു. കേസിലെ വാദം കേൾക്കൽ എങ്ങനെ പുരോഗമിക്കുന്നു എന്ന് നോക്കി അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അറ്റോര്‍ണി ജനറൽ വ്യക്തമാക്കി.

click me!