മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് പൊലീസ് പറഞ്ഞ മലയാളി ആരാണ്?

Web desk |  
Published : Jun 09, 2018, 04:05 PM ISTUpdated : Jun 29, 2018, 04:07 PM IST
മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് പൊലീസ് പറഞ്ഞ മലയാളി ആരാണ്?

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായിരുന്നു ജെഎന്‍യുവില്‍ പഠിച്ച റോണ വില്‍സണ്‍

പുനെ: രാജ്യം ഇന്നലെ മുതല്‍ പരതുന്നത് ഒരു മലയാളിയെപ്പറ്റിയാണ്, പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി പൂനെ പൊലീസ് പറയുന്ന റോണ വില്‍സണ്‍ എന്ന കൊല്ലം സ്വദേശിയെക്കുറിച്ച്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നാണ് പൂനെ പൊലീസ് പറയുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്ത റോണ വില്‍സണിന്‍റെ വസതിയില്‍ നിന്ന് ഇത് തെളിയിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്ന കത്തും ലഭിച്ചെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. 

ആരാണ് റോണ വില്‍സണ്‍?

രാഷ്‍ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗമാണ് റോണ വില്‍സണ്‍. ജനുവരിയില്‍ പുനെയില്‍ നടന്ന ഭീമ- കോരെഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് റോണ വില്‍സണ്‍ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റോണയെ ദില്ലയില്‍ നിന്ന് പിടികൂടിയപ്പോള്‍ ബാക്കിയുള്ളവരെ മുംബൈ, നാഗ്‌പുർ എന്നിവടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടുന്നതിനുള്ള കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ഇതിന്‍റെ വാദത്തിനിടെയാണ് രാജ്യത്തെ നടുക്കുന്ന കത്ത് റോണ വില്‍സന്‍റെ വസതിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചത്. രാഷ്‍ട്രീയ തടവുകാരുടെ മോചനത്തിനായി വര്‍ഷങ്ങളായി രംഗത്തുള്ളയാളാണ് റോണ വില്‍സണ്‍. ഈ ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ദി കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സിന്‍റെ (സിആര്‍ആര്‍പി) പബ്ലിക് റിലേഷന്‍സ് സെക്രട്ടറിയുമാണ്. യുഎപിഎ, എഎഫ്എസ്പിഎ തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ സ്ഥിരം ശബ്‍ദം ഉയര്‍ത്തിയിരുന്ന റോണ ചില കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു. കൂടാതെ, മുസ്‍ലിം, ദളിത് സമൂഹങ്ങള്‍ക്കെതിരെ  ഏകപക്ഷീയമായി ചുമത്തപ്പെടുന്ന വധശിക്ഷകള്‍ക്കെതിരെയും റോണ പോരാട്ടം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായിരുന്നു ജെഎന്‍യുവില്‍ പഠിച്ച റോണ വില്‍സണ്‍.  

 ഭീമ–കോരെഗാവ് കലാപം

പുനെയിലെ ഭീമ കൊറിഗോണ്‍ ഗ്രാമത്തില്‍ കൊറെഗോണ്‍ യുദ്ധത്തിന്‍റെ 200ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദളിത് റാലിക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ദളിത് റാലിയില്‍ മറാത്ത വിഭാഗം അഴിച്ചുവിട്ട അക്രമം പ്രശ്നങ്ങള്‍ക്ക് വഴിവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രശ്നങ്ങള്‍ സങ്കീര്‍ണമായി തന്നെ നിലനിന്നു. രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കാന്‍ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ചപ്പാടുകളാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. ഭീമ - കോരെഗാവ് സംഭവങ്ങള്‍ ദളിത് പ്രതിരോധത്തിന്‍റെ അതിശക്തമായ പ്രതീകങ്ങളാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഭീമ–കോരെഗാവ് സംഭവത്തിന്‍റെ അന്വേഷണം നടക്കുന്നതിനിടയില്‍ ഏപ്രില്‍ 17ന് രാവിലെ ആറോടെ, മഹാരാഷ്‍ട്രയില്‍ പ്രവര്‍ത്തിക്കുന്ന ചില ആക്ടിവിസ്റ്റുകളുടെ വീടുകള്‍ പൊലീസ് അകാരണമായി റെയ്ഡ് ചെയ്യുകയായിരുന്നുവെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 

മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു

മോദിയുടെ റോഡ് ഷോയ്ക്കിടയില്‍ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് കത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കോടതിയില്‍ പറഞ്ഞത്.  പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെയാണ്  ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. പിടിയിലായ അഞ്ച് പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുകയും നിര്‍ണ്ണായക തെളിവായ കത്ത് കോടതിയ്ക്ക് കൈമാറുകയും ചെയ്തു. ഈ കത്ത് സിപിഐ(മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന്‍റേതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. റോണ വില്‍സണെ കൂടാതെ, എല്‍ഗര്‍ പരിഷത് സംഘാടകന്‍ സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോണ വില്‍സണ്‍ അടക്കമുള്ളവരെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായാണ് ഇപ്പോള്‍ ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ജനപിന്തുണ കുറയുമ്പോള്‍ എപ്പോഴും ഉള്ളതുപോലെയുള്ള മോദിയുടെ തന്ത്രമാണ് ഇതെന്ന് കോണ്‍ഗ്രസും ആരോപിച്ചു. ഒരിക്കലും റോണ ഇങ്ങനെ ഒരു ഗൂഢാലോചന നടത്തില്ലെന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഫേസ്ബുക്കിലും മറ്റും കുറിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ