
തിരുവനന്തപുരം: ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ അധ്യാപികയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വിവാഹാഭ്യര്‍ഥന നിരസിച്ചതിലെ വൈരാഗ്യം. പിടിക്കപ്പെടാതെ രക്ഷപ്പെട്ടു എന്ന വിശ്വാസത്തിലിരുന്ന പ്രതിയെ തന്ത്രപരമായി കുടുക്കിയത് നെയ്യാര്‍ഡാം എസ്.ഐ .എസ്.സതീഷ് കുമാറും സംഘവും. പരുത്തിപള്ളി വലിയവിള സുബീഷ് ഭവനില്‍ ഉണ്ണി എന്ന സുബീഷ്(28) ആണ് നെയ്യാര്‍ ഡാം പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ പരുത്തിപള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങളും ആക്രമണത്തില്‍ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലുമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; ഇക്കഴിഞ്ഞ ഇരുപതാം തീയതി വൈകുന്നേരം ആറര മണിയോടെ. കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവില്‍ വച്ച് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിലീവേര്സ് ചര്‍ച്ചിന്റെ കീഴിലെ ബ്രിഡ്ജ് ഓഫ് ഹോപ്പ് എന്ന സ്ഥാപനത്തിലെ അധ്യാപികയായ മന്തികളം സ്വദേശിനിയുടെ ശരീരത്തില്‍ കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവില്‍ വെച്ച് ബൈക്കില്‍ പിന്നില്‍ നിന്നും എത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടി ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മുഖത്ത് ഒഴികെ കഴുത്തിലും മുതുകിലും മാത്രമാണ് ആസിഡ് വീണു പരിക്കേറ്റത്.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ പ്രതി രക്ഷപ്പെട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് പൊലീസ് വിശദ പരിശോധന നടത്തുകയും പരിസരത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും പള്‍സര്‍ ബൈക്കില്‍ എത്തിയ കോട്ടുധാരിയായ ആളാണ് ആക്രമണം നടത്തിയത് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നാട്ടുകാരും ബൈക്കില്‍ എത്തിയ കോട്ട്ധാരിയായ ആളാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി അന്വേഷണത്തോട് സഹകരിക്കുന്ന മാനസീക അവസ്ഥ അല്ലാത്തതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രണയ നൈരാശ്യമാകം സംഭവത്തിന് പിന്നില്‍ എന്ന സംശയം പൊലീസിന് ആദ്യം മുതല്‍ക്കെയുണ്ടായിരുന്നു.
ഈ നിഗമനത്തില്‍ അധ്യാപികയുടെ സ്കൂള്‍ തലം മുതലുള്ള സുഹൃത്തുക്കളെ കുറിച്ച് അന്വേഷിക്കുകയും യുവതിയുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ സുബീഷ് എന്ന പേര് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചതില്‍ അടുത്തകാലത്തായി പള്‍സര്‍ ബൈക്ക് ഉപയോഗിക്കുന്നതായി മനസിലാക്കുകയും ചെയ്തു.ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും ആദ്യം സംഭവം നിഷേധിക്കുകയായിരുന്നു. എന്നാല്‍ സുബീഷിന്‍റെ ഇടതു കയില്‍ കണ്ട പൊള്ളല്‍ ഏറ്റ മുറിവിനെ കുറിച്ച് പോലിസ് ചോദിച്ചതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതിയെ ഇഷ്ട്ടപ്പെട്ടിരുന്നുയെന്നും സൗദി അറേബിയയിലെ കപ്പലില്‍ സീ മാന്‍ ആയി ജോലി നോക്കിയിരുന്ന പ്രതി പൊലീസിനോട് പറഞ്ഞു. നാലുമാസത്തില്‍ ഒരിക്കെ നാട്ടില്‍ വരുന്ന സുബീഷ് ഇയാളുടെ ബന്ധുവിന്‍റെ കൂട്ടുകാരിയും തന്‍റെ സുഹൃത്തും കൂടിയായ അധ്യാപികയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതു നിഷേധിക്കുകയും തനിക്കു മറ്റൊരു വിവാഹം ഏകദേശം ഉറപ്പിച്ചു എന്ന് അറിയിക്കുകയും ചെയ്തു.
ഇതിന്‍റെ വൈരാഗ്യത്തില്‍ പ്രതി യുവതിയെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുയെന്ന്‍ പൊലീസ് അറിയിച്ചു. കപ്പല്‍ ജോലിക്കാരനായ പ്രതി കപ്പലിലെ കെമിക്കല്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന എഞ്ചിന്‍ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ആസിഡ് കൈക്കലാക്കി അവധിക്കു വന്നപ്പോള്‍ പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ തീരുമാനിച്ചു.തുടര്‍ന്ന് അധ്യാപിക സ്ഥിരമായി സഞ്ചരിക്കുന്ന വഴിയില്‍ പല തവണ എത്തുകയും ആക്രമണം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുകയും പെണ്‍കുട്ടിക്ക് ആളെ തിരിച്ചറിയാതെ കൃത്യം നടത്താന്‍ നീല ജാക്കറ്റും ഹെല്‍മെറ്റും സംഘടിപ്പിച്ചു ബൈക്കില്‍ പിന്നിലൂടെ വന്നു ആക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നു.
പിടിക്കപ്പെടില്ല എന്ന വിശ്വാസത്തില്‍ കഴിഞ്ഞ പ്രതിയെ അന്വേഷണ സംഘം വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെയ്യാര്‍ ഡാം എ.എസ്.ഐ രമേശന്‍,സീനിയര്‍ സി.പി.ഓ ഗോപകുമാര്‍,സി.പി.ഓ മാരായ ഷിബു, കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘം ആണ് പ്രതിയെ അറെസ്റ്റ് ചെയ്തത്. കാട്ടാക്കട പോലിസ് സ്റ്റേഷനില്‍ പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇത് സ്ഥിതികരിക്കാന്‍ ഇയാളെ തിരിച്ചറിയല്‍ നടപടിക്കായി കൊണ്ട് പോകേണ്ടതുണ്ട് എന്നും ഈ കേസിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും നെയ്യാര്‍ഡാം പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam