പാഴ്വിത്ത് വാങ്ങി സര്‍ക്കാറിന് 24 ലക്ഷം നഷ്ടമുണ്ടാക്കിയ ഉദ്ദ്യോഗസ്ഥനെതിരെ നടപടി

By Web DeskFirst Published Jul 2, 2017, 8:14 AM IST
Highlights

സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ ആര്‍.എസ്.ജി.പി പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. സര്‍ക്കാരിന് 25 ലക്ഷം രൂപ നഷ്‌ടമുണ്ടാക്കിയ കേസില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഗുണമേന്മയുള്ള പച്ചക്കറി വിത്തിന് പകരം പാഴ് വിത്ത് നല്‍കി വഞ്ചിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.  ഇത്തരം അഴിമതി ശ്രദ്ധയില്‍ പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിട്ടയര്‍ ചെയ്താലും നടപടിയെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ  അസിസ്റ്റന്‍റ് ഡയറക്ടറായ കെ.ജെ ഒനീലിനെതിരെയാണ് നടപടി. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപതമാകാന്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ  മികച്ച വിത്തുണ്ടാക്കുന്ന പദ്ധതിയിലാണ് അഴിമതി നടന്നത്.  പാലക്കാട് അയിരൂരിലെ 13 കര്‍ഷകരെയാണ് വിത്ത് ഉത്പാദനത്തിനായി തെരഞ്ഞെടുത്തത്.എന്നാല്‍ വിത്ത് വര്‍ദ്ധിപ്പിച്ച് തിരികെ നല്‍കുന്നതിന് പകരം ഇവര്‍  തമിഴ്നാട്ടില്‍ നിന്ന് പാഴ്വിത്ത് ഇറക്കുമതി ചെയ്ത് വിത്ത് വികസന അതോറിറ്റിയെ വഞ്ചിക്കുകയായിരുന്നു. ഇടപാടില്‍ സര്‍ക്കാരിന് 24.54 ലക്ഷം രൂപ നഷ്‌ടമുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തി. വിത്ത് വികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ.ജെ ഓനീലിന്‍റെ അറിവോടെയാണ് അഴിമതി നടന്നതെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ്  നടപടി. ഗുണമേന്മയുള്ള വിത്ത് കര്‍ഷകരുടെ അവകാശമാണെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വ്വീസില്‍ നിന്ന് വിരമിച്ചാലും നടപടിയെടുക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

പദ്ധതിയുടെ കാലയളവില്‍ അഞ്ച് തവണ പരിശോധന നടത്തി കാര്യക്ഷമത ഉറപ്പ് വരുത്തണം. ഇതുണ്ടായില്ലെന്നു മാത്രമല്ല കൃഷി ചെയ്ത സ്ഥലത്തിന്റെ അളവ് കൂടുതല്‍ കാണിച്ചും ലക്ഷങ്ങള്‍ വെട്ടിച്ചതായി വിജിലന്‍സ് കണ്ടെത്തി. ഇടപാടില്‍ ഉള്‍പ്പെട്ട കൃഷിവകുപ്പിലെ മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

click me!