ചീങ്കണ്ണിപ്പാലിയിലെ തടയണ: വെള്ളം ഒഴുക്കി കളയാൻ തുടങ്ങി

By Web DeskFirst Published Jul 15, 2018, 1:26 PM IST
Highlights
  • തടയണയിലെ വെള്ളം ഒഴുക്കി കളയാൻ തുടങ്ങി
  • പി.വി അൻവന്‍റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലാണ് തടയണ
  • ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ഒഴുക്കി കളയാന്‍ തുടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

തടയണക്ക് സമീപം ചാലുണ്ടാക്കി അതുവഴിയാണ് വെള്ളം തുറന്നു വിടുന്നത്. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ മേല്‍നോട്ടത്തിലാണ് നടപടി. പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്ത് പൊളിക്കണമെന്ന് മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാനിടയുള്ള തടയണ പൊളിച്ചുകളയണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, വെള്ളം ഒഴുക്കി കളയാന്‍  ഉത്തരവിടുകയായിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കാന്‍ ആയിരുന്നു കോടതി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. മഴക്കാല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഉരുള്‍ പൊട്ടലിന് ഭീഷണി ഉള്ളതിനാല്‍ തടയണ പൊളിച്ച് വെള്ളം ഒഴുക്കിക്കളയണമെന്ന് ചൂണ്ടിക്കാട്ടി എം.പി. വിനോദ് സ‍മർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തടയണ പൊളിച്ചുകളയണമെന്ന കേസ് ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

 

 

 

click me!