
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലിനുശേഷം നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങി. 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി ഒരു മണിയോടെയാണ് ഇരുവരും പുറത്തിറങ്ങിയത്. വിശദമായി മൊഴി നല്‍കിയെന്നും ആത്മവിശ്വാസമുണ്ടെന്നും ദിലീപ് പറഞ്ഞു. തന്റെ പരാതിയിലാണ് മൊഴിയെടുത്തതെന്ന് ദിലീപ് ആവര്‍ത്തിക്കുകയും ചെയ്തു. പുറത്തിറങ്ങിയശേഷം ഇരുവരും പുറത്തുകാത്തു നിന്ന നടന്‍ സിദ്ദീഖിന്റെ കൂടെ കാറില്‍ കയറി പോയി.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം പുറത്തിറങ്ങിയ ദിലീപ് ചിരിച്ചുകൊണ്ടാണ് മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ നാദിര്‍ഷാ ഒന്നും പ്രതികരിക്കാന്‍ തയാറായില്ല. വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും വിളിക്കുമെന്നും പോലീസ് പറഞ്ഞു. ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയോ എന്ന ചോദ്യത്തിന് അങ്ങനെ ഇപ്പോള്‍ പറയുന്നില്ലെന്ന് ആലുവ റൂറല്‍ എസ്‌പി എ.വി. ജോര്‍ജ് പ്രതികരിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇരുവരും ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. തന്റെ പരാതിയില്‍ മൊഴി നല്‍കാനാണ് എത്തിയതെന്ന് ദിലീപ് പറഞ്ഞിരുന്നുവങ്കിലും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച ചോദ്യം ചെയ്യലിനാണ് ഇരുവരെയും വിളിപ്പിച്ചതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം.
രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് ഇരുവരും പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ചോദ്യം ചെയ്യല്‍ പാതിരാത്രി വരെ നീളുകയായിരുന്നു. ഇതിനിടെ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗത്തിലും ഈ വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പ്രതികരിക്കുകയും ചെയ്തു.
അമ്മ യോഗത്തിനുശഷം നടന്‍ സിദ്ദീഖ് രാത്രി പന്ത്രണ്ട് മണിയോടെ ആലുവ പോലീസ് ക്ലബ്ബിലെത്തി ദിലീപിനെ കാണാന്‍ അനുമതി തേടിയെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. തൊട്ടുപിന്നാലെ നാദിര്‍ഷായുടെ സഹോദരന്‍ സമദും ആലുവ പോലീസ് ക്ലബ്ബിലെത്തി ഇരുവരെയും കാണാന്‍ അനുമതി തേടി. അല്‍പസമയം പുറത്തു കാത്തുനിന്നശേഷം സമദിനെ പോലീസ് അകത്തേക്ക് കയറ്റിവിട്ടു. പത്തു നിമിഷങ്ങള്‍ക്കം ദിലീപും നാദിര്‍ഷായും പുറത്തെത്തി.
പുറത്തിറങ്ങിയ ഇരുവരെയും മാധ്യമങ്ങള്‍ വളഞ്ഞെങ്കിലും കാര്യമായ പ്രതികരണത്തിന് ഇരുവരും മുതിര്‍ന്നില്ല. തന്റെ പരാതിയിലാണ് മൊഴി നല്‍കിയതെന്ന് ദിലീപ് ആവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam