
കൊച്ചി: അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ പൃഥിരാജും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളും എത്താതിരുന്നത് ശ്രദ്ധേയമായി. 17 വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്‍റ് സ്ഥാനമൊഴിയുകയും മോഹന്‍ലാല്‍ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത ഈ വര്‍ഷത്തെ ജനറല്‍ ബോഡിയില്‍ എല്ലാവരും ഉറ്റുനോക്കിയ കാര്യം സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുക്കുമോ എന്നതായിരുന്നു.
ഒരു വര്‍ഷം മുന്‍പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍, പൃഥീരാജ്, ആസിഫ് അലി, രമ്യാ നന്പീശന്‍ എന്നിവര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരംഗത്തെ പുറത്താക്കാന്‍ സാധിക്കില്ലെന്നും ദിലീപിന്‍റെ സസ്പെന്‍ഷന്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കെബി ഗണേഷ് കുമാര്‍ പിന്നീട് ആരോപിച്ചിരുന്നു.
കൊച്ചിയില്‍ ഞായറാഴ്ച്ച നടന്ന ജനറല്‍ ബോഡിയില്‍ പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷമുള്ള പൊതുയോഗത്തില്‍ നടി ഊര്‍മ്മിളാ ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്‍റെ വിശദീകരണം പോലും തേടാതെ അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ഇടവേള ബാബു യോഗത്തില്‍ പറഞ്ഞു.
ദിലീപ് കേസിന് പോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെ എന്നായിരുന്നു സിദ്ദിഖിന്‍റെ അഭിപ്രായം. തുടര്‍ന്ന് അജന്‍ഡയില്‍ ഇല്ലാത്ത വിഷയമായതിനാല്‍ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാം ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. നിറഞ്ഞ കൈയടികളോടെയാണ് സദസ്സിലിരുന്ന താരങ്ങള്‍ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam