
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപുമായി അടുത്ത ബന്ധമുളള അഡ്വ.എ സുരേശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ചാണ് അഡ്വ. സുരേശന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിഷന്‍ 2020 പരിപാടിയില്‍ ദിലീപിനെ ബ്രാന്‍ഡ് അംബാസഡറാക്കിയത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായ അഡ്വ.സുരേശനാണെന്നും ഇരുവരും തമ്മിലുളള വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഇതിന് പിന്നിലുള്ള കാരണമെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ് പറഞ്ഞു. എന്നാല്‍ ആരോപണം അഡ്വ. സുരേശന്‍ നിഷേധിച്ചു.
ജനുവരി 13ന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിഷന്‍ 2020 എന്ന പരിപാടി ഉദ്ഘാടനം ചെയ്തത് നടന്‍ ദിലീപാണ്.അന്ന് ദിലീപിനെ ഉദ്ഘാടകനാക്കിയതിനും ബ്രാന്‍ഡ് അംബാസഡറാക്കിയതിനും പിന്നില്‍ അഡ്വ.സുരേശനാണെന്നാണ് ബിജെപിയുടെ ആരോപണം.ദിലീപ് ഉള്‍പ്പെടെ പ്രമുഖ സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് അഡ്വ.സുരേശന്‍. അങ്ങനെയൊരാള്‍ നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായത് നീതീകരിക്കാനാകില്ലെന്നാണ് ബിജെപിയുടെ നിലപാട്.
ഗൂഡാലോചന നടന്നിട്ടില്ലെന്ന് അന്വേഷണത്തിന്റെ തുടക്കത്തിലേ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യവും അഡ്വ.സുരേശന്റെ നിയമനത്തിനു പിന്നിലുണ്ട്. കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ അഡ്വ സുരേശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും കേസ് നല്ല രീതിയില്‍ നടത്തുമെന്നും അഡ്വ.സുരേശന്‍ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam