
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ നടന്‍ ദിലീപിനെതിരെ കൂടുതൽ തെളിവ് ഉറപ്പിച്ച് പൊലീസ്. ഇതിന്റെ ഭാഗമായി തൃശ്ശൂർ സ്വദേശികളായ രണ്ട് പേരുടെ രഹസ്യ മൊഴി പോലീസ് കോടതിയിൽ രേഖപ്പെടുത്തി. ദൃക്സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെയും സുനിൽകുമാറിനേയും ലൊക്കേഷനിൽ കണ്ടവരാണ് ഇവർ.
അതേസമയം, ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപ്പുണ്ണിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ദിലീപുമായുള്ള ഒരുമിച്ചുള്ള ചോദ്യം ചെയ്യലിനുശേഷമാണ് അപ്പുണ്ണി ഒളിവില്‍ പോയത്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിനായി നോട്ടീസും നല്‍കിയിരുന്നു.
2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ ‘സിഫ്റ്റ്’ ജംക്‌ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിൽ പ്രതികൾ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്.
ജോർജേട്ടൻസ് പൂരം’ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam