
കൊച്ചി:വിചാരണക്കോടതിയിൽ സമർപ്പിക്കാനുള്ള രേഖകളുടെ പട്ടികയും സത്യവാങ്മൂലവും പൊലിസ് നൽകി. 760 രേഖകൾ ഉൾപ്പെട്ട പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റു സിസിടിവി ദൃശ്യങ്ങള്‍, പരിശോധന ഫലങ്ങൾ, മൊഴികൾ, മെമ്മറി കാർഡ് ,പെൻ ഡ്രൈവ് തുടങ്ങി 7തെളിവുകളുമാണ് പട്ടികയിൽ. വിചാരണ വേളയിൽ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയില്‍ നൽകിയത്.
സുപ്രധാനമായുള്ള ചില രേഖകൾ ഒഴികെ ഇതനുസരിച്ചുള്ളവ പ്രതികൾക്ക് കൈമാറി. കേസിലെ പ്രതിയായ ദിലീപ് രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്.
അടുത്ത 7 വരെ ഇത് പരിശോധിക്കാൻ സമയം അനുവദിച്ചു. രേഖകൾ ആവശ്യപ്പെട്ടുള്ള ദീലിപടക്കമുള്ള പ്രതികളുടെ ഹർജികൾ 7 ന് വീണ്ടും കോടതി പരിഗണിക്കും. എല്ലാ പ്രതികളോടും 7 ന് ഹാജരാകാൻ അങ്കമാലി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജിയിൽ 5 ന് കോടതി വിധി പറയും..