സൗമ്യ വധക്കേസ്; വിചാരണക്കോടതി ജ‍ഡ്ജിയും എഡിജിപി ബി സന്ധ്യയും ജ. മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചു

By Web DeskFirst Published Oct 19, 2016, 2:35 PM IST
Highlights

തിങ്കളാഴ്ച്ച കോടതി നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് സൗമ്യകേസില്‍ വിചാരണകോടതിയില്‍ വിധി പ്രസ്താവിച്ച ജഡ്ജി കെ രവീന്ദ്രബാബുവും എ.ഡി.ജി.പി ബി. സന്ധ്യയും ജസ്റ്റിസ് കട്ജുവിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. സൗമ്യ വധക്കേസില്‍ സുപ്രീംകോടതി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന ഷോങ്കറിനെ അറിയിക്കാതെയായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചയില്‍ ബി. സന്ധ്യ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും, രേഖാമൂലം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാം എന്ന് കട്ജു ഉറപ്പു നല്‍കിയതായാണ് സൂചന. സൗമ്യ വധക്കേസില്‍ ഗോവിന്ദസ്വാമിക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് വിചാരണ കോടതി ജഡ്ജിയുടേയും അന്വേഷണ ഉദ്യോഗസ്ഥയുടേയും ഈ കൂടിക്കാഴ്ച്ച.

ഭരണഘടനാപരമായ തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയാല്‍ സൗമ്യകേസില്‍ ഹാജരാകാം എന്ന് കട്‍ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൗമ്യകേസില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും പറ്റിയ ഗുരുതര വീഴ്ച്ചകള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എ.ഡി.ജി.പി സന്ധ്യയുടേയും പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷിന്റെയും സാന്നിധ്യത്തിലായിരുന്നു സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്. സൗമ്യകേസില്‍ വിചാരണ കോടതിയില്‍ വിധി പ്രസ്താവിച്ച് ജഡ്ജി കെ രവീന്ദ്രബാബുവും കോടതിയില്‍ ഈ സമയം ഹാജരായിരുന്നു. ഗോവിന്ദസാമിയുടേയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടേയും മൊഴികള്‍ മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താത്തത് അന്വേഷണ സംഘത്തിന് പറ്റിയ അലംഭാവമായിരുന്നെന്നാണ് കോടതിയുടെ വിമര്‍ശനം. 

click me!